നടിയെ ആക്രമിച്ച കേസ്: ‘വിചാരണ നീതിപൂർവ്വമല്ല’; ഹൈക്കോടതിയിൽ അപ്പീൽ നൽകി സർക്കാർ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. വിചാരണ നീതിപൂർവ്വമല്ല നടന്നതെന്നും തെളിവുകൾ പരിശോധിച്ചതിൽ കോടതിക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്നും സർക്കാർ അപ്പീലിൽ ആരോപിക്കുന്നു. എട്ടാം പ്രതി ദിലീപിനെ കുറ്റവിമുക്തനാക്കിയ നടപടി പക്ഷപാതപരമാണെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു.
ദിലീപും ഒന്നാം പ്രതി പൾസർ സുനിയും തമ്മിലുള്ള ബന്ധത്തിന് കൃത്യമായ തെളിവുകളുണ്ടെന്ന് അപ്പീലിൽ പറയുന്നു. കുറ്റകൃത്യത്തിന് മുൻപ് ഇവർ ആറു തവണ പല സ്ഥലങ്ങളിലായി കണ്ടുമുട്ടിയത് ടവർ ലൊക്കേഷൻ, സാക്ഷിമൊഴികൾ എന്നിവയിലൂടെ തെളിയിക്കപ്പെട്ടതാണ്. എന്നാൽ, ഇവർ ഒരുമിച്ചുള്ള ദൃശ്യങ്ങളില്ലെന്ന സാങ്കേതിക കാരണം പറഞ്ഞ് കോടതി ഈ തെളിവുകൾ തള്ളിക്കളയുകയായിരുന്നു. ദൃശ്യങ്ങൾ ദിലീപിന്റെ കൈവശം എത്തിയെന്നതിന് നിർണ്ണായക തെളിവുകൾ ഹാജരാക്കിയിട്ടും കോടതി അവഗണിച്ചതായും സർക്കാർ വാദിക്കുന്നു.
ക്വട്ടേഷൻ തുക ആവശ്യപ്പെട്ട് സുനി അയച്ച കത്തും ദിലീപിന്റെ സഹോദരന്റെ ഫോണിൽ നിന്ന് ലഭിച്ച വിവരങ്ങളും കോടതി വേണ്ടവിധം പരിഗണിച്ചില്ല. സാക്ഷിമൊഴികളെ വിശ്വാസത്തിലെടുക്കാതെ പ്രതിഭാഗത്തിന് അനുകൂലമായ നിലപാടാണ് വിചാരണക്കോടതി സ്വീകരിച്ചതെന്നും സർക്കാർ ആരോപിച്ചു. കേസിൽ തുടരന്വേഷണവും പുനർവിചാരണയും വേണമെന്ന ആവശ്യമാണ് സർക്കാർ പ്രധാനമായും ഉയർത്തുന്നത്.