ഗുജറാത്തിൽ നൂറുകണക്കിന് മുസ്‌ലിം വോട്ടർമാരെ തിരഞ്ഞുപിടിച്ച് വോട്ടർപട്ടികയിൽനിന്ന് വെട്ടുന്നു; പിന്നിൽ ബിജെപി നേതാവ്
ബിജെപി നേതാവ് വിക്രം പാട്ടീല്‍, വോട്ടര്‍മാരെ ഒഴിവാക്കാന്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച ‘ഫോം 7’ അപേക്ഷകള്‍
അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തിൽ വോട്ടർ പട്ടികയിൽ വൻ ക്രമക്കേട് നടക്കുന്നതായി പരാതി. ജീവിച്ചിരിപ്പുള്ള മുസ്‌ലിം വോട്ടർമാരെ ‘മരിച്ചവർ’ എന്ന് രേഖപ്പെടുത്തി വോട്ടർ പട്ടികയിൽനിന്ന് നീക്കം ചെയ്യാൻ ബിജെപി കൗൺസിലർ ശ്രമിക്കുന്നതായാണ് ഗുരുതരമായ ആരോപണം ഉയർന്നിരിക്കുന്നത്. സലാബത്പുര പ്രദേശത്തെ ബിജെപി കൗൺസിലറായ വിക്രം പോപത് പാട്ടീലിനെതിരെ പ്രദേശവാസികൾ പോലീസിൽ പരാതി നൽകി.
വോട്ടർ പട്ടികയിൽനിന്ന് പേര് നീക്കം ചെയ്യാനോ തിരുത്തലുകൾ വരുത്താനോ ഉപയോഗിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ‘ഫോം 7’ ദുരുപയോഗം ചെയ്താണ് ഈ തട്ടിപ്പ് നടക്കുന്നത്. അൻവർനഗർ നിവാസിയായ 69-കാരൻ അബ്ദുൽ റസാഖ് വസീർ ഷാ ഉൾപ്പെടെയുള്ളവർ ജീവിച്ചിരിക്കെയാണ് ഇവർ മരിച്ചതായി കാണിച്ച് അപേക്ഷ നൽകിയിരിക്കുന്നത്. റസാഖിന്റെയും ഭാര്യയുടെയും മകന്റെയും പേരുകൾ നീക്കം ചെയ്യാൻ അപേക്ഷ നൽകിയിട്ടുണ്ട്. ബൂത്ത് ലെവൽ ഓഫീസർ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് തങ്ങളെ മരിച്ചവരായി പ്രഖ്യാപിച്ച് അപേക്ഷ നൽകിയ വിവരം ഇവർ അറിയുന്നത്.
ഇത്തരത്തിൽ സമർപ്പിക്കപ്പെട്ട അപേക്ഷകളിൽ കൗൺസിലർ വിക്രം പോപത് പാട്ടീലിന്റെ പേരും മൊബൈൽ നമ്പറും ഉണ്ടെന്ന് ‘ദ വയർ’ റിപ്പോർട്ട് ചെയ്യുന്നു. മാത്രമല്ല, 2021-ലെ സൂറത്ത് മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ പാട്ടീൽ നൽകിയ ഒപ്പും ഇപ്പോൾ ഫോം 7-ൽ ഉള്ള ഒപ്പും ഒന്നാണെന്നും പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. ജനുവരി 22-ന് നൂറുകണക്കിന് വോട്ടർമാർ സലാബത്പുര പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയെങ്കിലും കാര്യമായ നടപടികൾ ഉണ്ടായിട്ടില്ല. ഏകദേശം 118 പേരുടെ പേരുകൾ ഇത്തരത്തിൽ വ്യാജമായി നീക്കം ചെയ്യാൻ ശ്രമിച്ചതിന്റെ തെളിവുകൾ പുറത്തുവന്നിട്ടുണ്ട്.
വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുസ്‌ലിം വോട്ടർമാരെ ഉന്നംവെച്ചാണ് ഈ നീക്കമെന്ന് ഗുജറാത്ത് കോൺഗ്രസ് സെക്രട്ടറി അസ്ലം സൈക്കിൾവാല ആരോപിച്ചു. അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ നേരത്തെ ബിജെപി പ്രവർത്തകരോട് ‘ഫോം 7’ ഉപയോഗിച്ച് ന്യൂനപക്ഷങ്ങൾക്കെതിരെ പരാതി നൽകാൻ പരസ്യമായി ആഹ്വാനം ചെയ്തിരുന്നു. സമാനമായ തന്ത്രമാണ് ഗുജറാത്തിലും പയറ്റുന്നതെന്ന് വിമർശനം ശക്തമാണ്. പൗരന്മാരുടെ ജനാധിപത്യ അവകാശങ്ങൾ കവർന്നെടുക്കാനുള്ള ശ്രമമാണിതെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു.
ഗുജറാത്തിൽ വോട്ടർ പട്ടിക തീവ്ര പരിശോധനയുടെ(എസ്‌ഐആർ) ഭാഗമായി ഇതിനകം 73 ലക്ഷത്തിലധികം പേരെയാണ് പട്ടികയിൽനിന്ന് നീക്കം ചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് വോട്ടർമാരുടെ എണ്ണം 5.08 കോടിയിൽനിന്ന് 4.34 കോടിയായി കുറഞ്ഞു. ഇതിൽ ഏറ്റവും കൂടുതൽ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത് സൂറത്തിലാണ് (25.7%). അഹമ്മദാബാദിൽ 23.2% വോട്ടർമാരെയും നീക്കം ചെയ്തിട്ടുണ്ട്. ഇരട്ട വോട്ടുകളും മരിച്ചവരുടെയും പേരുകൾ നീക്കം ചെയ്യാനാണ് ഈ നടപടിയെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. എന്നാൽ, ഇതിന്റെ മറവിൽ ജീവിച്ചിരിക്കുന്നവരെയും തിരഞ്ഞുപിടിച്ചു ഒഴിവാക്കുകയാണെന്നാണ് പരാതി.