‘ഹിന്ദു രക്ഷാദൾ പ്രവർത്തകർ നാളെ കോട്വാറിലേക്ക് വരുന്നു; ദീപക്കിന്റെ മുസ്ലിം പ്രേമം ഞങ്ങൾ തീർക്കും’; ഭീഷണി മുഴക്കി ഹിന്ദുത്വ നേതാവ്
ലഖ്നൗ: കഴിഞ്ഞ റിപബ്ലിക് ദിനത്തിൽ വർഗീയ വിദ്വേഷത്തിനെതിരെ മാനവികതയുടെ സന്ദേശമുയർത്തിയ ഉത്തരാഖണ്ഡ് കോട്വാറിലെ ജിം ഉടമ ദീപക് കുമാറിന് നേരെ തീവ്ര ഹിന്ദുത്വ സംഘടനയുടെ വധഭീഷണി. ഹിന്ദു രക്ഷാദൾ നേതാവ് പിങ്കി ചൗധരിയാണ് ദീപക്കിനെതിരെ പരസ്യമായ ഭീഷണിയുമായി രംഗത്തെത്തിയത്. ദീപക്കിനെ ജീവിക്കാൻ അനുവദിക്കില്ലെന്നും അവനെ ശരിയാക്കുമെന്നും പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പോലീസിനെ കാഴ്ചക്കാരാക്കിയാണ് ഇയാളുടെ വധഭീഷണിയെന്നതാണ് ഏറെ ഗൗരവതരം. അതേസമയം, പിങ്കി ചൗധരിയെ പോലീസ് കരുതൽ തടങ്കലിലാക്കിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.
കോട്വാറിലെ ദീപക്കിന്റെ ‘ഹൾക്ക് ജിമ്മിൽ’ തന്റെ അനുയായികളുമായി എത്തി ദീപക്കിനെ നേരിടുമെന്നാണ് പിങ്കി ചൗധരി പ്രഖ്യാപിച്ചത്. ‘നാളെ ഉച്ചയ്ക്ക് മൂന്ന് മണിക്ക് ഹിന്ദു രക്ഷാദളിലെ എല്ലാ പോരാളികളും പൂർണ ശക്തിയോടെ കോട്വാറിൽ എത്തും. ഇവന് (ദീപക്കിന്) ഒരു മുസ്ലിമാകാൻ വലിയ ആവേശമാണ്. അവന്റെ ആ ആവേശം നാളെ ഞങ്ങളുടെ ടീം മുഴുവനായി ചേർന്ന് പുറത്തെടുക്കും. സനാതന ധർമത്തെ കളിയാക്കിയാൽ എന്താണ് ശിക്ഷയെന്ന് അവൻ നാളെ അറിയും.’-ഇയാൾ ഭീഷണി മുഴക്കി.
ദീപക്കിന് ‘ജീവിക്കാൻ പോലും അവകാശമില്ല’ എന്നും അവനെ തല്ലിച്ചതയ്ക്കുമെന്നും പിങ്കി ചൗധരി ആവർത്തിച്ചു. തന്നെ തടയാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരുടെ മുന്നിൽ വെച്ചും ഭീഷണി തുടരാൻ ഇയാൾ മടിച്ചില്ല. ‘അവന്റെ തലയിലുള്ള ആ മുസ്ലിം പ്രേതം ഞങ്ങൾ ഒഴിപ്പിക്കും. അവനെ ചികിത്സിക്കേണ്ടതുണ്ട്… അവന്റെ ആ ‘മുല്ലഗിരി’ ഞങ്ങൾ പുറത്തെടുക്കും. അവനെ തല്ലി പാഠം പഠിപ്പിക്കും. സനാതന ധർമത്തെ ആരെങ്കിലും വേദനിപ്പിച്ചാൽ അവരെ തീർച്ചയായും ചികിത്സിക്കണം,’ പോലീസുകാരെ സാക്ഷിയാക്കി ചൗധരി പറഞ്ഞു.
ദീപക്കിന്റെ കഴുത്തറുക്കുന്നവർക്ക് പിങ്കി ചൗധരിയുടെ അനുയായികൾ 5.5 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചതായും റിപ്പോർട്ടുകളുണ്ട്. ദീപക്കിന്റെ ജീവന് വലിയ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലും വിദ്വേഷ പ്രസംഗം നടത്തിയ ഇയാൾക്കെതിരെ പോലീസ് കർശന നടപടി സ്വീകരിക്കാത്തതിൽ വ്യാപക പ്രതിഷേധം ഉയരുകയാണ്.
നിലവിൽ പിങ്കി ചൗധരിയെ ഉത്തർപ്രദേശ് പോലീസ് ഗാസിയാബാദിലെ വീട്ടിൽ തടങ്കലിലാക്കിയതായാണു വിവരം. എങ്കിലും ദീപക്കിന്റെ സുരക്ഷയുടെ കാര്യത്തിൽ ഉത്തരാഖണ്ഡ് പോലീസിനും വലിയ ഉത്തരവാദിത്തമുണ്ടെന്ന് മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.