‘ഫലസ്തീനുളള പിന്തുണ തുടരും’; അറബ് ലോകവുമായി കൈകോർത്ത് ഇന്ത്യ, ട്രംപിന്റെ ഗസ്സ സമാധനപദ്ധതിയേയും പിന്തുണക്കുന്നുവെന്ന് മോദി
ന്യൂഡൽഹി: ഫലസ്തീൻ ജനതയ്ക്കുള്ള ഇന്ത്യയുടെ ഐക്യദാർഢ്യം ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ-അറബ് വിദേശകാര്യ മന്ത്രിമാരുടെ രണ്ടാമത് സംഗമത്തിനായി ഡൽഹിയിലെത്തിയ ഫലസ്തീൻ വിദേശകാര്യ മന്ത്രി വർസെൻ അഘബേക്കിയനുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്. അതേസമയം, ഗസ്സയിലെ സംഘർഷം അവസാനിപ്പിക്കാനായി യുഎസ് മുന്നോട്ട് വെച്ച സമാധാന പദ്ധതിയടക്കമുള്ള നീക്കങ്ങളെ ഇന്ത്യ സ്വാഗതം ചെയ്തു.
അറബ് ലീഗ് പ്രതിനിധി സംഘവുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെ, അറബ് ലോകം ഇന്ത്യയുടെ ‘വിപുലമായ അയൽപക്കം’ ആണെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ഊർജ്ജം, സാങ്കേതികവിദ്യ, വ്യാപാരം തുടങ്ങിയ മേഖലകളിൽ അറബ് രാഷ്ട്രങ്ങളുമായുള്ള ബന്ധം പുതിയ ഉയരങ്ങളിലെത്തുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഗസ്സ സമാധാന ബോർഡിൽ ചേരാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയെ ക്ഷണിച്ച പശ്ചാത്തലത്തിൽ മോദിയുടെ ഈ പ്രസ്താവനകൾക്ക് വലിയ നയതന്ത്ര പ്രാധാന്യമുണ്ട്.
അതേസമയം, ഭീകരതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് ഇന്ത്യയ്ക്കുള്ളതെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ യോഗത്തിൽ പറഞ്ഞു. അതിർത്തി കടന്നുള്ള ഭീകരവാദം അന്താരാഷ്ട്ര നയതന്ത്രത്തിന്റെ ലംഘനമാണെന്നും, ഭീകരതയെ നേരിടുന്ന സമൂഹങ്ങൾക്ക് സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്നും പാകിസ്ഥാനെ പരോക്ഷമായി വിമർശിച്ച് അദ്ദേഹം വ്യക്തമാക്കി. 22 അറബ് രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത സമ്മേളനം ഇന്ത്യയും യുഎഇയും സംയുക്തമായാണ് സംഘടിപ്പിച്ചത്.