ഇന്ത്യ-യുഎസ് വ്യാപാര കരാർ: പ്രഖ്യാപനം നടത്തി ട്രംപ്, ഇറക്കുമതി തീരുവ 18 ശതമാനമായി കുറച്ചു ,10 നേട്ടങ്ങൾ അറിയാം
ന്യൂഡൽഹി: ഇന്ത്യയും അമേരിക്കയും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ കരുത്തുറ്റതാക്കുന്ന ചരിത്രപരമായ ഇടക്കാല വ്യാപാര കരാറിന് അന്തിമരൂപമായി. കരാർ പ്രകാരം ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയിരുന്ന തീരുവ 18 ശതമാനമായി കുറയ്ക്കും. കൂടാതെ, ഇന്ത്യൻ ഇറക്കുമതികൾക്ക് മേൽ ചുമത്തിയിരുന്ന 25 ശതമാനം അധിക തീരുവ യുഎസ് പിൻവലിക്കാനും തീരുമാനിച്ചു. അഞ്ച് വർഷത്തിനുള്ളിൽ ഉഭയകക്ഷി വ്യാപാരം 500 ബില്യൺ ഡോളറിലെത്തിക്കുകയാണ് പ്രധാന ലക്ഷ്യം.
തീരുവയിലെ കുറവ്: ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് അമേരിക്ക ഏർപ്പെടുത്തിയിരുന്ന 25 ശതമാനം അധിക തീരുവ ഒഴിവാക്കി. ഇതോടെ ഫലത്തിൽ 18 ശതമാനം തീരുവ മാത്രമേ ഇനി ഈടാക്കുകയുള്ളൂ.
വ്യാപാര ലക്ഷ്യം: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഉഭയകക്ഷി വ്യാപാരം 500 ബില്യൺ ഡോളറിലേക്ക് (ഏകദേശം 42 ലക്ഷം കോടി രൂപ) എത്തിക്കുകയാണ് പ്രധാന ലക്ഷ്യം.
ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് നേട്ടം: വസ്ത്രങ്ങൾ, തുകൽ, പാദരക്ഷകൾ, കരകൗശല വസ്തുക്കൾ, പ്ലാസ്റ്റിക്, ചില യന്ത്രഭാഗങ്ങൾ എന്നിവയ്ക്ക് കുറഞ്ഞ തീരുവയുടെ ആനുകൂല്യം ലഭിക്കും.
സീറോ താരിഫ് സാധ്യകൾ: കരാർ പൂർണ്ണമായും നടപ്പിലാകുന്നതോടെ ജനറിക് മരുന്നുകൾ, വജ്രം, രത്‌നങ്ങൾ, വിമാന ഭാഗങ്ങൾ എന്നിവയുടെ മേലുള്ള തീരുവ യുഎസ് പൂർണ്ണമായും ഒഴിവാക്കും.
അമേരിക്കൻ കാർഷിക ഉൽപ്പന്നങ്ങൾ: പഴങ്ങൾ, വൈൻ, സ്പിരിറ്റ്‌സ്, മൃഗങ്ങളുടെ തീറ്റയ്ക്കുള്ള ധാന്യങ്ങൾ, സോയാബീൻ ഓയിൽ എന്നിവയുടെ ഇറക്കുമതി തീരുവ ഇന്ത്യ കുറയ്ക്കുകയോ നീക്കം ചെയ്യുകയോ ചെയ്യും.
സാങ്കേതിക സഹകരണം: ഡാറ്റാ സെന്ററുകൾക്കായുള്ള ഗ്രാഫിക്‌സ് പ്രോസസ്സിംഗ് യൂണിറ്റുകൾ (GPU) പോലുള്ള അത്യാധുനിക സാങ്കേതിക വിദ്യകളുടെ വ്യാപാരം വർദ്ധിപ്പിക്കും.
മെഡിക്കൽ ഉപകരണങ്ങൾ: യുഎസ് മെഡിക്കൽ ഉപകരണങ്ങൾക്ക് ഇന്ത്യൻ വിപണിയിൽ പ്രവേശനം എളുപ്പമാക്കുന്നതിനായി ദീർഘകാലമായുണ്ടായിരുന്ന തടസ്സങ്ങൾ നീക്കം ചെയ്യും.
ഐടി നിയന്ത്രണങ്ങൾ നീക്കുന്നു: അമേരിക്കൻ ഐസിടി (ICT) ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് തടസ്സമായിരുന്ന ലൈസൻസിംഗ് നിയമങ്ങളിൽ ഇന്ത്യ ഇളവ് വരുത്തും.
ഊർജ്ജ മേഖലയിലെ നിക്ഷേപം: അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അമേരിക്കയിൽ നിന്ന് ഊർജ്ജം, കോക്കിംഗ് കൽക്കരി, വിലയേറിയ ലോഹങ്ങൾ എന്നിവ വാങ്ങാൻ ഇന്ത്യ പദ്ധതിയിടുന്നു.
ബിടിഎ (BTA) ചർച്ചകൾ: വിപണികൾ കൂടുതൽ തുറക്കുന്നതിനായി ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാർ ചർച്ചകൾ തുടരും.