അമേരിക്കൻ ആക്രമണം ചെറുക്കാൻ വൻ മുന്നൊരുക്കം; സൈനിക കേന്ദ്രങ്ങൾക്ക് ചുറ്റും ‘കോൺക്രീറ്റ് കവചം’ തീർത്ത് ഇറാൻ
തെഹ്‌റാൻ: അമേരിക്കയുമായുള്ള യുദ്ധഭീതി അതീവ ഗുരുതരമായി തുടരുന്നതിനിടെ, തങ്ങളുടെ തന്ത്രപ്രധാനമായ സൈനിക-ആണവ കേന്ദ്രങ്ങൾക്ക് ചുറ്റും കൂറ്റൻ ‘കോൺക്രീറ്റ് കവചം’ തീർത്ത് പ്രതിരോധം ശക്തമാക്കി ഇറാൻ. വ്യോമാക്രമണങ്ങളെയും മിസൈലുകളെയും ചെറുക്കാൻ ലക്ഷ്യമിട്ട് സൈനിക കേന്ദ്രങ്ങളെ പൂർണമായും കോൺക്രീറ്റും മണ്ണും ഉപയോഗിച്ച് മൂടുന്നതിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നു.
തെഹ്റാന് 30 കിലോമീറ്റർ തെക്ക്-കിഴക്കായി സ്ഥിതി ചെയ്യുന്ന അതീവ സുരക്ഷയുള്ള പർചിൻ സൈനിക കേന്ദ്രത്തിലാണ് പുതിയ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നത്. 2024-ൽ ഇസ്രയേൽ ആക്രമണം നടത്തിയെന്ന് കരുതപ്പെടുന്ന ഇവിടെ, പുതിയതായി നിർമിച്ച ‘തലേഗാൻ 2’ എന്ന കേന്ദ്രത്തിന് ചുറ്റുമാണ് കൂറ്റൻ കോൺക്രീറ്റ് കവചം തീർത്തിരിക്കുന്നത്.
ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻസ് ആൻഡ് ഇന്റർനാഷണൽ സെക്യൂരിറ്റി(ഐഎസ്‌ഐഎസ്) പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങളുടെ വിശകലനത്തിലാണ് ഈ വിവരങ്ങളുള്ളത്. ജനീവയിൽ അമേരിക്കയുമായുള്ള ആണവ ചർച്ചകൾ നീണ്ടുപോകുന്നത് മുതലെടുത്ത്, ഈ കേന്ദ്രത്തെ ബോംബാക്രമണങ്ങളെ അതിജീവിക്കാൻ കഴിയുന്ന ഒരു അദൃശ്യ ബങ്കറായി മാറ്റുകയാണ് ഇറാന്റെ ലക്ഷ്യമെന്ന് ഐഎസ്‌ഐഎസ് സ്ഥാപകൻ ഡേവിഡ് ആൽബ്രൈറ്റ് ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ വർഷം ഇസ്രയേലും അമേരിക്കയും ചേർന്ന് നടത്തിയ 12 ദിവസത്തെ യുദ്ധത്തിൽ അമേരിക്ക ബോംബിട്ട ഇസ്ഫഹാൻ യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രത്തിലും വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഈ ഭൂഗർഭ കേന്ദ്രത്തിലേക്കുള്ള തുരങ്കങ്ങളുടെ കവാടങ്ങൾ ഇറാൻ പൂർണമായും മണ്ണിട്ട് മൂടി സുരക്ഷിതമാക്കി. നതാൻസ് ആണവ കേന്ദ്രത്തിന് സമീപമുള്ള തുരങ്കങ്ങളുടെ സുരക്ഷയും ഇരട്ടിയാക്കിയിട്ടുണ്ട്. കൂടാതെ കഴിഞ്ഞ യുദ്ധത്തിൽ തകർന്ന മിസൈൽ താവളങ്ങളുടെ അറ്റകുറ്റപ്പണികളും ഇറാൻ പൂർത്തിയാക്കി.
അതിനിടെ, ആണവ ചർച്ചകൾ പുരോഗമിക്കുന്നതിനിടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനെതിരെ വീണ്ടും യുദ്ധഭീഷണി മുഴക്കി. ഇറാൻ ഒരു കരാറിന് തയ്യാറായില്ലെങ്കിൽ, ഇന്ത്യൻ മഹാസമുദ്രത്തിലെ ഷാഗോസ് ദ്വീപുകളിലെ വ്യോമതാവളം ഉപയോഗിച്ച് ഇറാനെതിരെ കനത്ത ആക്രമണം നടത്തുമെന്ന് ട്രംപ് തന്റെ ‘ട്രൂത്ത് സോഷ്യൽ’ അക്കൗണ്ടിലൂടെ മുന്നറിയിപ്പ് നൽകി. ഇതിനകം തന്നെ യുഎസ്എസ് എബ്രഹാം ലിങ്കൺ ഉൾപ്പെടെയുള്ള അമേരിക്കൻ വിമാനവാഹിനി കപ്പലുകൾ ഇറാന് വെറും 700 കിലോമീറ്റർ അകലെ നിലയുറപ്പിച്ചിട്ടുണ്ട്. പശ്ചിമേഷ്യയിലേക്ക് രണ്ടാമതൊരു വിമാനവാഹിനി കപ്പൽ കൂടി അയക്കാൻ ട്രംപ് ഉത്തരവിട്ടിട്ടുണ്ട്.
എന്നാൽ, ഈ ഭീഷണികൾക്കിടയിലും തങ്ങളുടെ ബാലിസ്റ്റിക് മിസൈൽ പദ്ധതികളോ സഖ്യകക്ഷികൾക്കുള്ള പിന്തുണയോ ഉപേക്ഷിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഇറാൻ. മറുവശത്ത് അമേരിക്കൻ സന്നാഹങ്ങളെ നേരിടാൻ ഒമാൻ കടലിൽ റഷ്യയുമായി ചേർന്ന് വൻ സംയുക്ത നാവിക അഭ്യാസത്തിനും ഇറാൻ തുടക്കം കുറിച്ചിട്ടുണ്ട്.