ഗൾഫിലെ യുഎസ് താവളങ്ങൾ ലക്ഷ്യമിട്ട് ഇറാൻ വ്യോമാക്രമണം; ബഹ്‌റൈൻ, ഖത്തർ, യുഎഇ, കുവൈത്ത് എന്നിവിടങ്ങളിലെല്ലാം മിസൈളുകളെത്തി
തെഹ്‌റാൻ: അമേരിക്കയുമായുള്ള സൈനിക ഏറ്റുമുട്ടൽ പൂർണ പശ്ചിമേഷ്യൻ യുദ്ധത്തിലേക്ക് വഴിമാറുന്നു. ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ ഇറാന്റെ വൻ മിസൈലാക്രമണം നടക്കുന്നതായി റിപ്പോർട്ട്. ബഹ്റൈൻ, ഖത്തർ, കുവൈത്ത്, യുഎഇ എന്നിവിടങ്ങളിലെ യുഎസ് താവളങ്ങൾ ലക്ഷ്യമാക്കിയാണ് ഇറാൻ വ്യോമാക്രമണം നടത്തിയത്. ദുബൈയിലും ആക്രമണം നടന്നതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
അമേരിക്കൻ നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനമുള്ള ബഹ്റൈനിലെ ജുഫൈറിലാണ് വൻ സ്‌ഫോടനമുണ്ടായത്. യുഎസ് നാവിക താവളത്തിന് നേരെ മിസൈലുകൾ പതിക്കുന്നതിന്റെയും വൻ പുകപടലങ്ങൾ ഉയരുന്നതിന്റെയും ദൃശ്യങ്ങൾ ആർടി ഉൾപ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. കുവൈത്തിലെയും അബുദാബിയിലെയും അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെയും സമാനമായ മിസൈൽ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇറാനിൽനിന്ന് കുതിച്ചെത്തിയ മിസൈലുകൾ തങ്ങളുടെ അത്യാധുനിക പാട്രിയറ്റ് പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർത്തതായി ഖത്തർ അറിയിച്ചു. തങ്ങളുടെ വ്യോമാതിർത്തിയിലേക്ക് പ്രവേശിച്ച മിസൈലുകളാണ് ഖത്തർ വെടിവെച്ചിട്ടത്.
അമേരിക്കയുടെ ഭാഗത്തുനിന്ന് ഏത് നിമിഷവും ആക്രമണമുണ്ടാകുമെന്ന് മുൻകൂട്ടി കണ്ട് ഇറാൻ വൻ സൈനിക തയ്യാറെടുപ്പുകൾ നടത്തിയിരുന്നു. അമേരിക്കൻ താവളങ്ങൾ ലക്ഷ്യമിട്ട് പേർഷ്യൻ ഉൾക്കടലിന്റെ തീരത്തും, ഇസ്രയേലിനെ ലക്ഷ്യമിട്ട് ഇറാഖ് അതിർത്തിയിലും ഇറാൻ നേരത്തെ തന്നെ ബാലിസ്റ്റിക് മിസൈലുകൾ വിന്യസിച്ചിരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ലോകത്തെ ഊർജ വിതരണത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്ക് അടച്ചിട്ടുകൊണ്ട് നാവികാഭ്യാസങ്ങളും ഇറാൻ നടത്തിയിരുന്നു