02/03/2026
[fontresizer_tawhidurrahmandear_widget]

കേരളത്തിനെന്തു കിട്ടി? കേന്ദ്ര ബജറ്റിൽ ഉത്തരംമുട്ടി ബിജെപി; നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് ആശങ്ക

 കേരളത്തിനെന്തു കിട്ടി? കേന്ദ്ര ബജറ്റിൽ ഉത്തരംമുട്ടി ബിജെപി; നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് ആശങ്ക

തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളം അവഗണിക്കപ്പെട്ടതിൽ സംസ്ഥാന ബിജെപി നേതൃത്വം വെട്ടിലായി. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എയിംസ്, അതിവേഗ റെയിൽപ്പാത, ശബരി റെയിൽ എന്നിവയുൾപ്പെടെയുള്ള പദ്ധതികളൊന്നും ബജറ്റിൽ ഇടംപിടിക്കാത്തത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിക്കു തിരിച്ചടിയാകുമെന്നാണ് നേതാക്കളുടെ ആശങ്ക.

വികസിത കേരളമെന്ന മുദ്രാവാക്യവുമായി വോട്ടർമാരെ സമീപിക്കാനൊരുങ്ങിയ ബിജെപിക്ക്, ധനമന്ത്രി നിർമല സീതാരാമന്റെ പ്രഖ്യാപനങ്ങൾ നിരാശയാണ് നൽകിയത്. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി വികസന പദ്ധതികൾ വാരിക്കോരി നൽകാറുണ്ടെങ്കിലും കേരളത്തെ കേന്ദ്രം ബോധപൂർവം മറന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തി. അതേസമയം, സംസ്ഥാനത്തിനുള്ള വിഹിതം 12,000 കോടി രൂപ വർദ്ധിപ്പിച്ചു എന്നാണ് ബിജെപിയുടെ മറുവാദം. എന്നാൽ വോട്ടർമാരെ സ്വാധീനിക്കാൻ ഈ സാങ്കേതിക ന്യായീകരണം മതിയാകില്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നുണ്ട്.

വിഷയത്തിൽ പ്രതിഷേധം കടുപ്പിക്കാനാണ് എൽഡിഎഫിന്റെയും യുഡിഎഫിന്റെയും തീരുമാനം. പാർലമെന്റിൽ രാഹുൽ ഗാന്ധി ഇന്ന് കേരളത്തോടുള്ള അവഗണന ഉന്നയിക്കും. നിയമസഭയിലെ ബജറ്റ് ചർച്ചകളിലും കേന്ദ്രത്തിനെതിരെയുള്ള പ്രധാന ആയുധമായി ഇത് മാറും. അഞ്ചാം തീയതി മുതൽ പാർലമെന്റിൽ തുടങ്ങുന്ന ബജറ്റ് ചർച്ചയിൽ ധനമന്ത്രി നൽകുന്ന മറുപടിയിലാണ് ബിജെപി സംസ്ഥാന നേതൃത്വം ഇനി നേരിയ പ്രതീക്ഷ വെക്കുന്നത്.

Also read: