02/03/2026
[fontresizer_tawhidurrahmandear_widget]

രാമനാട്ടുകരയിൽ ലോറിയും കാറും കൂട്ടിയിടിച്ച് നാല് യുവാക്കൾ മരിച്ചു

 രാമനാട്ടുകരയിൽ ലോറിയും കാറും കൂട്ടിയിടിച്ച് നാല് യുവാക്കൾ മരിച്ചു

കോഴിക്കോട്: രാമനാട്ടുകര മോഡേൺ ബസാറിൽ പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ നാല് യുവാക്കൾക്ക് ദാരുണാന്ത്യം. ഫാറൂഖ് കോളേജ് സ്വദേശികളായ അജീഷ്, വിമൽ, ശ്യാംലാൽ, രാമനാട്ടുകര സ്വദേശി ദിനിൽ എന്നിവരാണ് മരിച്ചത്. ഇന്ന്‌ പുലർച്ചെ 3.30-ഓടെയായിരുന്നു നാടിനെ നടുക്കിയ അപകടം സംഭവിച്ചത്.

കോഴിക്കോട് ഭാഗത്തുനിന്ന് ഫറോക്കിലേക്ക് പോവുകയായിരുന്ന കാറും മലപ്പുറം ഭാഗത്തുനിന്ന് വന്ന ലോറിയും തമ്മിൽ മുഖാമുഖം കൂട്ടിയിടിക്കുകയായിരുന്നു. അപകടസമയത്ത് അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്. മൂന്നുപേർ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ശ്യാംലാലിനെയും മറ്റൊരാളെയും ഉടൻതന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ശ്യാംലാൽ മരണത്തിന് കീഴടങ്ങുകയായിരുന്നു. പരിക്കേറ്റ അഞ്ചാമത്തെയാൾ നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

ഇടിയുടെ ആഘാതത്തിൽ പൂർണ്ണമായും തകർന്ന കാറിനുള്ളിൽ യുവാക്കൾ കുടുങ്ങിക്കിടക്കുകയായിരുന്നു. നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് കട്ടറുകൾ ഉപയോഗിച്ച് കാർ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. പ്രദേശത്തെ ഒരു ഉത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്നു യുവാക്കളെന്നാണ് പ്രാഥമിക വിവരം. അപകടത്തെത്തുടർന്ന് കിലോമീറ്ററുകളോളം ഗതാഗതം തടസ്സപ്പെട്ടു. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു വരികയാണ്.

Also read: