02/03/2026
[fontresizer_tawhidurrahmandear_widget]

കെഎസ്‌യു നേതാവിന്റെ വീടിന് നേരെ ബോംബേറ്; മന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു, തുടർചികിത്സ തിരുവനന്തപുരത്ത്

 കെഎസ്‌യു നേതാവിന്റെ വീടിന് നേരെ ബോംബേറ്; മന്ത്രി വീണാ ജോർജ് ആശുപത്രി വിട്ടു, തുടർചികിത്സ തിരുവനന്തപുരത്ത്

കോഴിക്കോട്/കണ്ണൂർ: ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ കെഎസ്‌യു നേതാവിന്റെ വീടിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു. കെഎസ്‌യു കോഴിക്കോട് ജില്ലാ സെക്രട്ടറി ബിതുൽ ബാലന്റെ തിരുവള്ളൂരിലെ വീടിന് നേരെയാണ് ആക്രമണം നടന്നത്. ഇന്ന് പുലർച്ചെ 2.30ഓടെയായിരുന്നു സംഭവം. റെയിൽവേ സ്‌റ്റേഷനിൽ മന്ത്രിയെ കരിങ്കൊടി കാണിച്ച കേസിൽ അറസ്റ്റിലായ ബിതുൽ നിലവിൽ റിമാൻഡിലാണ്. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

അതിനിടെ, കണ്ണൂരിൽ കെഎസ്‌യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ പരിക്കേറ്റ മന്ത്രി വീണാ ജോർജിനെ പരിയാരം മെഡിക്കൽ കോളേജിൽ നിന്നും ഡിസ്ചാർജ് ചെയ്തു. തുടർ ചികിത്സയ്ക്കായി മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റാനാണ് തീരുമാനം. ഇന്നലെ രാത്രി ഓൺലൈനായി ചേർന്ന മെഡിക്കൽ ബോർഡ് യോഗത്തിലാണ് തീരുമാനമെടുത്തത്.

പുലർച്ചെ നാല് മണിയോടെ റോഡ് മാർഗം സ്വന്തം വാഹനത്തിലാണ് മന്ത്രി തിരുവനന്തപുരത്തേക്ക് പുറപ്പെട്ടത്. മന്ത്രിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായും രക്തസമ്മർദ്ദം സാധാരണ നിലയിലായതായും ഡോക്ടർമാർ അറിയിച്ചു. അതേസമയം, കേസന്വേഷണത്തിന്റെ ഭാഗമായി മന്ത്രിയുടെ മൊഴിയെടുക്കാൻ അന്വേഷണ സംഘം ഇന്ന് വീണ്ടും അനുമതി തേടും. മുൻപ് ആരോഗ്യനില മോശമായതിനാൽ ഇതിന് സാധിച്ചിരുന്നില്ല. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾക്കായി ആർപിഎഫിന് പോലീസ് അപേക്ഷ നൽകിയിട്ടുണ്ട്.

Also read: