ഫലസ്തീന്‍ ഐക്യധാര്‍ഥ്യത്തില്‍ പങ്കടുത്തത്തിന് യുഎസില്‍ തടവിലാകപ്പെടാ വിദ്യാര്‍ത്ഥിനിയുടെ ആരോഗ്യനില വഷളാകുന്നു; മോചിപ്പിക്കണമെന്ന് കുടുംബം
വാഷിങ്ടൺ: ഫലസ്തീൻ അനുകൂല പ്രതിഷേധത്തിന്റെ പേരിൽ യുഎസിൽ തടവിലാക്കപ്പെട്ട യുവതിയെ അടിയന്തരമായി മോചിപ്പിക്കണമെന്ന് കുടുംബം. കഴിഞ്ഞ 10 മാസത്തിലേറെയായി ഇമിഗ്രേഷൻ തടങ്കലിൽ കഴിയുന്ന 33 കാരിയായ ലെഖാ കോർഡിയയുടെ ആരോഗ്യനില വഷളായ പശ്ചാത്തലത്തിലാണ് കുടുംബത്തിന്റെ ആവശ്യം.
2024ൽ കൊളംബിയ സർവകലാശാലയിൽ നടന്ന ഫലസ്തീൻ അനുകൂല പ്രകടനങ്ങളിൽ പങ്കെടുത്തതിനെ തുടർന്നാണ് ലെഖാ കോർഡിയ അറസ്റ്റിലാകുന്നത്. ടെക്‌സസിലെ ഇമിഗ്രേഷൻ തടങ്കൽ കേന്ദ്രത്തിൽ വെച്ച് അപസ്മാരം ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ, 12 മണിക്കൂറിലധികം കോർഡിയയുടെ വിവരങ്ങൾ അധികൃതർ കുടുംബത്തിൽ നിന്നും മറച്ചുവെച്ചതായി ബന്ധുവായ ഹംസ അബുഷബാൻ ആരോപിച്ചു. ‘അവൾ മരിച്ചെന്നു പോലും ഞങ്ങൾ ഭയപ്പെട്ടു, അധികൃതരുടെ നിശബ്ദത അത്രമേൽ ഭയാനകമായിരുന്നു,’ അദ്ദേഹം പറഞ്ഞു.
ഗസ്സയിൽ ഇസ്രയേൽ നടത്തുന്ന വംശഹത്യയിൽ കുടുംബത്തിലെ 200 ഓളം അംഗങ്ങളെ നഷ്ടപ്പെട്ടയാളാണ് കോർഡിയ. വ്യക്തിപരമായ നഷ്ടങ്ങളാണ് അവരെ പ്രതിഷേധങ്ങളുടെ ഭാഗമാക്കിയത്. സമാന സാഹചര്യത്തിൽ അറസ്റ്റിലായ മറ്റ് വിദ്യാർത്ഥി പ്രവർത്തകർക്ക് മോചനം ലഭിച്ചിട്ടും, കോർഡിയയെ മാത്രം വിട്ടയക്കാത്തത് രാഷ്ട്രീയ ലക്ഷ്യങ്ങൾ വെച്ചാണെന്ന് ആംനസ്റ്റി ഇന്റർനാഷണൽ കുറ്റപ്പെടുത്തി. രണ്ട് തവണ കോടതി ജാമ്യം അനുവദിച്ചിട്ടും സർക്കാർ ഇടപെട്ട് മോചനം തടയുകയായിരുന്നു.
ന്യൂജേഴ്‌സിയിലുള്ള കുടുംബത്തിൽ നിന്നും 2,400 കിലോമീറ്റർ അകലെയുള്ള തടങ്കൽ കേന്ദ്രത്തിലാണ് കോർഡിയ നിലവിലുള്ളത്. പോഷകാഹാരക്കുറവും വൃത്തിഹീനമായ സാഹചര്യവും കാരണം കോർഡിയയുടെ ആരോഗ്യനില ഗുരുതരമാണെന്നും, ഉടൻ മോചിപ്പിക്കണമെന്നുമാണ് മനുഷ്യാവകാശ പ്രവർത്തകരും കുടുംബവും ആവശ്യപ്പെടുന്നത്.