02/03/2026
[fontresizer_tawhidurrahmandear_widget]

‘കേരളത്തിൽ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നത് അറിയില്ല; സിനിമ ബിജെപിയുടേതല്ല’- എം.ടി രമേശ്

 ‘കേരളത്തിൽ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നത് അറിയില്ല; സിനിമ ബിജെപിയുടേതല്ല’- എം.ടി രമേശ്

കണ്ണൂർ: സിനിമയെ സിനിമയായി കണ്ടാൽ മതിയെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്. കേരളത്തിൽ ആരെയും നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നത് തന്റെ അറിവിലില്ല. സിനിമ ബിജെപിയുടേതല്ലാത്തതിനാൽ അതിൽ നിലപാട് വ്യക്തമാക്കേണ്ട കാര്യമില്ലെന്നും സിനിമയിലെ എല്ലാ കാര്യങ്ങളും അംഗീകരിക്കണമെന്നില്ലെന്നും അദ്ദേഹം കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കേരളത്തിന്റെ സാഹചര്യം എന്താണെന്ന് ഇവിടുള്ളവർക്ക് കൃത്യമായി അറിയാം. സംസ്ഥാനത്ത് മതതീവ്രവാദം ഉൾപ്പെടെ എതിർക്കപ്പെടേണ്ട പലതുമുണ്ട്, അതിനെ രാഷ്ട്രീയമായി തന്നെ നേരിടും. സിനിമ കാണണോ വേണ്ടയോ എന്നത് ജനങ്ങളുടെ അവകാശമാണ്. എന്നാൽ ഇഷ്ടമില്ലാത്ത സിനിമകൾ പ്രദർശിപ്പിക്കില്ല എന്നത് സിപിഎമ്മിന്റെ രീതിയാണ്. അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കി സിനിമ വിജയിപ്പിക്കാനുള്ള പിആർ വർക്കുകൾ നടക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ശബരിമല സ്വർണക്കൊള്ളക്കേസിൽ സർക്കാർ പ്രതിപക്ഷത്തെ ബ്ലാക് മെയിൽ ചെയ്യുകയാണ്. യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്തതോടെ, കടകംപള്ളി സുരേന്ദ്രനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യത്തിൽ നിന്നും പ്രതിപക്ഷ നേതാവ് പിന്നാക്കം പോയി. കേസിൽ സർക്കാർ പ്രതിരോധത്തിലാണെന്നും സിപിഎം ആഗ്രഹിക്കുന്ന രീതിയിലാണ് അന്വേഷണസംഘം നീങ്ങുന്നതെന്നും അദ്ദേഹം വിമർശിച്ചു. തന്ത്രിയെ എന്തിന് അറസ്റ്റ് ചെയ്തു എന്ന് വ്യക്തമാക്കാൻ അന്വേഷണ സംഘം തയ്യാറാകണമെന്നും രമേശ് ആവശ്യപ്പെട്ടു.

Also read: