വഞ്ചിയൂരിലെ സിപിഎം രക്തസാക്ഷി വിഷ്ണുവിന്റെ സഹോദരൻ വിനോദ് കോൺഗ്രസിലേക്ക്
തിരുവനന്തപുരം: വഞ്ചിയൂരിലെ സിപിഎം രക്തസാക്ഷി വിഷ്ണുവിന്റെ സഹോദരൻ വിനോദ് കോൺഗ്രസിൽ ചേർന്നു. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് കെപിസിസി ഓഫീസിൽ വച്ച് അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിക്കും. രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കൾ നടത്തിയ സാമ്പത്തിക തട്ടിപ്പിൽ പ്രതിഷേധിച്ചാണ് വിനോദിന്റെ നിർണായക നീക്കം.
വിഷ്ണുവിന്റെ സ്മരണാർത്ഥം സ്വരൂപിച്ച പത്തുലക്ഷം രൂപയിൽ അഞ്ച് ലക്ഷം രൂപ നേതാക്കൾ തട്ടിയെടുത്തെന്നാണ് വിനോദിന്റെ പ്രധാന ആരോപണം. അഞ്ച് ലക്ഷം രൂപ വിഷ്ണുവിന്റെ അമ്മയുടെ പേരിൽ നൽകിയെങ്കിലും ബാക്കി തുക പാർട്ടി അക്കൗണ്ടിൽ നിന്ന് മുൻ ലോക്കൽ സെക്രട്ടറി രവീന്ദ്രൻ സ്വന്തം ആവശ്യങ്ങൾക്കായി വകമാറ്റിയെന്ന് കുടുംബം ആരോപിക്കുന്നുണ്ട്. 15 വർഷങ്ങൾക്ക് ശേഷമാണ് തട്ടിപ്പ് വിവരം പുറത്തറിയുന്നത്.
ഫണ്ട് തട്ടിപ്പിനെത്തുടർന്ന് തരംതാഴ്ത്തപ്പെട്ട നേതാവിന് വീണ്ടും ഉന്നത പദവി നൽകിയതാണ് വിനോദിനെ ചൊടിപ്പിച്ചത്. കുറ്റാരോപിതനായ രവീന്ദ്രനെ സിഐടിയു ജില്ലാ സെക്രട്ടറിയായി നിയമിച്ചതിന് പിന്നിൽ മന്ത്രി വി. ശിവൻകുട്ടിയാണെന്നും വിനോദ് കുറ്റപ്പെടുത്തി. നീതി ലഭിക്കാത്ത സാഹചര്യത്തിലാണ് സിപിഎമ്മുമായുള്ള 15 വർഷത്തെ ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. 2008ലാണ് വഞ്ചിയൂരിൽ വച്ച് വിഷ്ണു കൊല്ലപ്പെട്ടത്.