28/03/2026
[fontresizer_tawhidurrahmandear_widget]

യുവതിയോട് അപമര്യാദയായി പെരുമാറി; ബിജെപി നേതാവിന്റെ സ്പാ പൂട്ടിച്ച് മേയർ വി.വി.രാജേഷ്, ഒരുഭാഗം പ്രവർത്തിച്ചത് ലൈസൻസില്ലാതെ

 യുവതിയോട് അപമര്യാദയായി പെരുമാറി; ബിജെപി നേതാവിന്റെ സ്പാ പൂട്ടിച്ച് മേയർ വി.വി.രാജേഷ്, ഒരുഭാഗം പ്രവർത്തിച്ചത് ലൈസൻസില്ലാതെ

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ സ്പാ കേന്ദ്രങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന അനാശാസ്യ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നടപടിയുമായി നഗരസഭ. ബിജെപി നേതാവിന്റെ ഉടമസ്ഥതയിലുള്ള സ്പായിൽ ജോലിക്ക് എത്തിയ യുവതിയോട് മാനേജർ മോശമായി പെരുമാറിയെന്ന പരാതിയെത്തുടർന്ന് മേയർ വി.വി. രാജേഷ് നേരിട്ടെത്തി സ്ഥാപനം പൂട്ടിച്ചു. ന്യൂനപക്ഷ മോർച്ച നേതാവ് ഷൈൻലാലിന്റെ ഉടമസ്ഥതയിലുള്ള ‘സ്പർശൻ വെൽനെസ് സ്പായ്‌ക്കെതിരെയാണ് നഗരസഭയുടെ അടിയന്തര നടപടി.

അഭിമുഖത്തിനായി എത്തിയ 23കാരിയെ മാനേജർ ലൈംഗികമായി അധിക്ഷേപിക്കുകയും കൈയേറ്റത്തിന് ശ്രമിക്കുകയുമായിരുന്നു. അപ്രതീക്ഷിതമായ അനുഭവത്തിൽ നിന്ന് രക്ഷപ്പെട്ട യുവതി ഉടൻ തന്നെ മേയർ വി.വി. രാജേഷിനെ ഫോണിൽ വിളിച്ച് തന്റെ ദുരനുഭവം വിവരിച്ചു. തുടർന്ന് നഗരസഭാ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. സ്പായുടെ ഒരു ഭാഗം പ്രവർത്തിച്ചിരുന്നത് മതിയായ ലൈസൻസോ രേഖകളോ ഇല്ലാതെയാണെന്ന് പരിശോധനയിൽ കണ്ടെത്തി. ഷൈൻലാലിന്റെ പിതാവിന്റെ പേരിലുള്ള ലൈസൻസ് ഉപയോഗിച്ചാണ് സ്ഥാപനം പ്രവർത്തിച്ചിരുന്നത്.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിലെ മുഴുവൻ സ്പാകളുടെയും രേഖകൾ പരിശോധിക്കാൻ മേയർ കർശന നിർദേശം നൽകി. ലൈസൻസില്ലാത്ത സ്ഥാപനങ്ങൾ ഉടൻ പൂട്ടിക്കും. സ്പാകളിൽ ‘ക്രോസ് മസാജിംഗ്’ അനുവദിക്കില്ലെന്നും, ഇത്തരം കേന്ദ്രങ്ങൾ ക്രിമിനൽ സംഘങ്ങളുടെ താവളമാകാൻ അനുവദിക്കില്ലെന്നും മേയർ വ്യക്തമാക്കി. നിയമപരമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് നഗരസഭയുടെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also read: