‘അബദ്ധം പറ്റി, ജീവൻ അപകടത്തിലാണ്’; തൃശൂർ ജില്ലാ ജനറൽ ആശുപത്രിയിൽ ഗർഭപാത്രം നീക്കുന്ന ശസ്ത്രക്രിയയ്ക്കിടെ മൂത്രാശയം മുറിഞ്ഞു
തൃശൂർ: ഗർഭപാത്രം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്കിടെ ഡോക്ടർമാർക്ക് സംഭവിച്ച കൈയബദ്ധം മൂലം വീട്ടമ്മ മരണത്തെ മുഖാമുഖം കണ്ടു. പുന്നംപറമ്പ് സ്വദേശിനി സുജ പെരുമാളിനാണ് (46) തൃശൂർ ജില്ലാ ജനറൽ ആശുപത്രിയിൽ വെച്ച് ദുരനുഭവമുണ്ടായത്. ശസ്ത്രക്രിയയ്ക്കിടെ കത്രിക തട്ടി മൂത്രാശയം മുറിഞ്ഞതോടെ സുജയുടെ നില അതീവ ഗുരുതരമാവുകയായിരുന്നു.
ഫെബ്രുവരി 10-നായിരുന്നു സുജയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയത്. ഗർഭപാത്രത്തിലെ മുഴ നീക്കം ചെയ്യുന്നതിനിടെ അബദ്ധത്തിൽ മൂത്രാശയം കീറുകയും ആന്തരികാവയവങ്ങളിലാകെ മൂത്രം പടരുകയും ചെയ്തു. ബോധം തെളിഞ്ഞപ്പോൾ “ജീവൻ അപകടത്തിലാണ്, ഉടൻ മാറ്റണം” എന്ന് ഡോക്ടർമാർ ഭർത്താവിനോട് പറയുന്നത് കേട്ടതായി സുജ ഓർക്കുന്നു. നില വഷളായതിനെത്തുടർന്ന് ഉടൻ തന്നെ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലേക്ക് മാറ്റി. അവിടെ നടന്ന സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെയാണ് ഇവരുടെ ജീവൻ രക്ഷിക്കാനായത്.
24 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം വീട്ടിലെത്തിയെങ്കിലും സുജയുടെ ആരോഗ്യനില ഇപ്പോഴും പൂർണ്ണസ്ഥിതിയിലായിട്ടില്ല. നാലു മാസത്തെ വിശ്രമമാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. ചികിത്സാ ചെലവിന്റെ ഒരു ഭാഗം ശസ്ത്രക്രിയ നടത്തിയ ഡോക്ടർ തന്നെ നൽകിയതിനാൽ നിലവിൽ കേസുമായി മുന്നോട്ട് പോയിട്ടില്ലെന്ന് കുടുംബം അറിയിച്ചു. ഹോം നഴ്‌സായി ജോലി ചെയ്തിരുന്ന സുജ, ശാരീരിക ബുദ്ധിമുട്ടുകൾ മൂലം ഇപ്പോൾ ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയിലാണ്.