04/03/2026
[fontresizer_tawhidurrahmandear_widget]

‘ബീഫ് കഴിച്ചാൽ രാജ്യദ്രോഹിയാക്കി തല്ലിക്കൊല്ലും; അപ്പുറത്ത് പോയി ബീഫ് കയറ്റുമതിക്കാരുടെ കോടികളുടെ സംഭാവനയും വാങ്ങും’-ബിജെപിക്കെതിരെ പ്രിയങ്ക് ഖാർഗെ

 ‘ബീഫ് കഴിച്ചാൽ രാജ്യദ്രോഹിയാക്കി തല്ലിക്കൊല്ലും; അപ്പുറത്ത് പോയി ബീഫ് കയറ്റുമതിക്കാരുടെ കോടികളുടെ സംഭാവനയും വാങ്ങും’-ബിജെപിക്കെതിരെ പ്രിയങ്ക് ഖാർഗെ

ബെംഗളൂരു: ബീഫ് കയറ്റുമതി ചെയ്യുന്ന കമ്പനികളിൽനിന്ന് ബിജെപി കോടികളുടെ ഫണ്ട് സ്വീകരിച്ച റിപ്പോർട്ടിൽ കടുത്ത വിമർശനവുമായി കർണാടക മന്ത്രിയും കോൺഗ്രസ് നേതാവുമായ പ്രിയങ്ക് ഖാർഗെ. ഇന്ത്യയിലെ പ്രമുഖ ബീഫ് കയറ്റുമതിക്കാരായ ‘അല്ലാന ഗ്രൂപ്പി’ൽനിന്ന് 2024-25 സാമ്പത്തിക വർഷത്തിൽ മാത്രം ബിജെപി 30 കോടി രൂപ സംഭാവനയായി കൈപ്പറ്റിയിരുന്നു. ബിജെപിയുടെ പശുപ്രേമം വെറും ഇരട്ടത്താപ്പാണെന്ന് ഖാർഗെ ആരോപിച്ചു. ആർഎസ്എസ് ഹിന്ദു വികാരങ്ങൾ മാനിക്കുന്നുണ്ടെങ്കിൽ ബിജെപി ഓഫീസിലേക്ക് മാർച്ച് നടത്തി ആ ഫണ്ടുകൾ തിരിച്ചുനൽകാൻ ആവശ്യപ്പെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

എക്‌സിലൂടെയായിരുന്നു ഖാർഗെയുടെ വിമർശനം. ഇന്ത്യയിലെ ഏറ്റവും വലിയ ബീഫ് കയറ്റുമതിക്കാരായ ‘അല്ലാന ഗ്രൂപ്പ്’ മുമ്പ് ഇലക്ടറൽ ബോണ്ടുകൾ വഴിയും ബിജെപിക്ക് പണം നൽകിയിട്ടുണ്ട്. എന്നാൽ, 2024-25 വർഷത്തിൽ ഇത് മുൻവർഷങ്ങളേക്കാൾ 15 മടങ്ങ് വർധിച്ച് 30 കോടി രൂപയിലെത്തി. ബിജെപിയുടെ ചിഹ്നമായ താമര മുളച്ചുനിൽക്കുന്ന സ്റ്റീക്കിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് പ്രിയങ്ക് ഖാർഗെ ബിജെപിയെ പരിഹസിച്ചത്.

സാധാരണക്കാർ ബീഫ് കഴിക്കുന്നത് ‘ദേശവിരുദ്ധത’യായി ചിത്രീകരിക്കുകയും അതിന്റെ പേരിൽ തല്ലിക്കൊല്ലുന്ന സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുന്ന ബിജെപി, ബീഫ് കച്ചവടത്തിൽനിന്നുള്ള പണം കൊണ്ട് പാർട്ടി പ്രവർത്തനം നടത്തുന്നത് ഏത് ധാർമികതയുടെ അടിസ്ഥാനത്തിലാണെന്ന് ഖാർഗെ ചോദിച്ചു.
ഹിന്ദു വികാരങ്ങളെ ആർഎസ്എസ് ശരിക്കും മാനിക്കുന്നുണ്ടെങ്കിൽ, ബിജെപി ഓഫീസിന് മുന്നിൽ പ്രതിഷേധിക്കാനും ഈ ‘ബീഫ് പണം’ തിരിച്ചുകൊടുക്കാൻ ആവശ്യപ്പെടാനും തയ്യാറാകുമോ എന്ന് അദ്ദേഹം മോഹൻ ഭാഗവതിനെ ടാഗ് ചെയ്തുകൊണ്ട് ചോദിച്ചു.

”ഇന്ത്യയിലെ ഏറ്റവും വലിയ ബീഫ് കയറ്റുമതിക്കാർ ബിജെപിക്ക് നൽകിയിരിക്കുന്നത് അവരുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സംഭാവനയാണ്. മോദി സർക്കാർ ഈ ബിസിനസിനെ സജീവമായി പ്രോത്സാഹിപ്പിക്കുകയും മാംസ കയറ്റുമതി വിപണി വിപുലീകരിക്കുകയും ചെയ്യുമ്പോൾ തന്നെ, മുൻപ് ഇലക്ടറൽ ബോണ്ടുകൾ വഴി നൽകിയതിന് പുറമെ 2024-25 വർഷത്തിൽ മാത്രം 30 കോടി രൂപയുടെ റെക്കോർഡ് സംഭാവന ഇവർ ബിജെപിക്ക് നൽകിയിട്ടുണ്ട്. ബീഫ് സംഭാവനകൾ സ്വീകരിക്കാൻ ബിജെപിക്ക് വലിയ സന്തോഷമാണ്. എന്നാൽ, ആരെങ്കിലും ബീഫ് കഴിച്ചാൽ അവർ ‘ദേശവിരുദ്ധരായി’ മുദ്രകുത്തപ്പെടുന്നു, മിക്കപ്പോഴും തല്ലിക്കൊല്ലപ്പെടുകയും ചെയ്യുന്നു.”-അദ്ദേഹം വിമർശിച്ചു.

”ബീഫ് കഴിക്കുന്നതും ബീഫ് പണം കൊണ്ട് പാർട്ടി നടത്തുന്നതും തമ്മിലുള്ള ധാർമികമായ വ്യത്യാസം എന്താണ്? ആർഎസ്എസ് സത്യസന്ധമായാണ് ഹിന്ദു വികാരങ്ങളെ മാനിക്കുന്നതെങ്കിൽ, അവരുടെ പ്രചാരകുമാർ ബിജെപി കേന്ദ്ര ഓഫീസിന് മുന്നിൽ പ്രതിഷേധിക്കുമോ? ഈ ബീഫ് സംഭാവനകൾ തിരിച്ചുകൊടുക്കാൻ ആവശ്യപ്പെടുമോ? അതോ നിങ്ങളുടെ പ്രതിഷേധം വെറും പാവപ്പെട്ട സാധാരണക്കാർക്ക് നേരെ മാത്രമാണോ?”-പ്രിയങ്ക് ഖാർഗെ ചോദിച്ചു.

തെരഞ്ഞെടുപ്പ് കമ്മീഷന് സമർപ്പിച്ച രേഖകൾ പ്രകാരം ‘അല്ലാന ഗ്രൂപ്പി’ന്റെ നാല് അനുബന്ധ കമ്പനികളാണ് ബിജെപിക്ക് ഫണ്ട് നൽകിയിരിക്കുന്നത്. അല്ലാനാ സൺസ്, ഫ്രിഗെറിയോ കോൺസെർവ അല്ലാന, ഫ്രിഗെറിയോ അല്ലാന, ഇൻഡഗ്രോ ഫുഡ്‌സ് എന്നീ ഉപകമ്പനികൾ വഴിയാണു സംഭാവന. 2025-ൽ ഇന്ത്യയുടെ ബീഫ് കയറ്റുമതി നാല് ബില്യൺ ഡോളർ കടന്ന് റെക്കോർഡിലെത്തിയിരുന്നു. മോദി സർക്കാർ ഒരു വശത്ത് മാംസ കയറ്റുമതിക്ക് അന്താരാഷ്ട്ര വിപണികൾ ഒരുക്കിക്കൊടുക്കുമ്പോൾ മറുവശത്ത് ആഭ്യന്തരമായി ഇതിനെ രാഷ്ട്രീയ ആയുധമാക്കുന്നു എന്നതാണ് ഖാർഗെയുടെ പ്രധാന വിമർശനം.

Also read: