ദീപക് ഇന്ത്യയുടെ ഹീറോ; വെറുപ്പിന്റെ കമ്പോളത്തിൽ സ്‌നേഹത്തിന്റെ കടതുറന്നവൻ-രാഹുൽ ഗാന്ധി
ദീപക് കുമാര്‍, രാഹുല്‍ ഗാന്ധി
ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ സംഘ്പരിവാർ പ്രവർത്തകരുടെ ഭീഷണിയിൽനിന്ന് മുസ്ലിം വയോധികനെ രക്ഷിച്ച ജിം ഉടമ ദീപക് കുമാറിനെ ‘ഇന്ത്യയുടെ ഹീറോ’ എന്ന് വിശേഷിപ്പിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വെറുപ്പിന്റെ കമ്പോളത്തിൽ സ്‌നേഹത്തിന്റെ കട തുറന്ന വ്യക്തിയാണ് ദീപക് എന്ന് എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ രാഹുൽ പറഞ്ഞു.
ഭരണഘടനാ മൂല്യങ്ങൾക്കായി നിലകൊള്ളുന്ന ദീപക്കിന്റെ നടപടി ധീരമാണ്. അത്തരം പ്രവർത്തനങ്ങളാണ് ബിജെപിയെയും സംഘ്പരിവാറിനെയും അസ്വസ്ഥപ്പെടുത്തുന്നത്. അദ്ദേഹത്തെപ്പോലെയുള്ള ധീരന്മാരെയാണ് രാജ്യത്തിന് ആവശ്യമെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
രാഹുൽ ഗാന്ധിയുടെ കുറിപ്പിന്റെ പൂർണരൂപം:
‘ഉത്തരാഖണ്ഡിലെ ദീപക് ഇന്ത്യയുടെ ഹീറോയാണ്. ബി.ജെ.പിയും സംഘപരിവാറും ദിവസവും ചവിട്ടിമെതിക്കാൻ ഗൂഢാലോചന നടത്തുന്ന ഭരണഘടനയ്ക്കും മനുഷ്യത്വത്തിനും വേണ്ടിയാണ് ദീപക് പോരാടുന്നത്.
വെറുപ്പിന്റെ കമ്പോളത്തിൽ സ്‌നേഹത്തിന്റെ കടയുടെ ജീവിക്കുന്ന പ്രതീകമാണ് അദ്ദേഹം. ഇതാണ് അധികാരത്തിലിരിക്കുന്നവരെ ഏറ്റവും കൂടുതൽ അസ്വസ്ഥരാക്കുന്നത്.
ഇന്ത്യയെ വിഭജിച്ച് നിർത്താനും ഭയത്തിലൂടെ ഭരിക്കാനും വേണ്ടി സംഘപരിവാർ മനഃപൂർവം രാജ്യത്ത് സാമ്പത്തികവും സാമൂഹികവുമായ വിഷം കലർത്തുകയാണ്. ഉത്തരാഖണ്ഡിലെ ബി.ജെ.പി സർക്കാർ സാധാരണ പൗരന്മാരെ ഭീഷണിപ്പെടുത്തുന്ന ഇത്തരം അസാമൂഹിക ശക്തികൾക്ക് പരസ്യമായി കൂട്ടുനിൽക്കുകയാണ്.
വെറുപ്പും ഭയവും അരാജകത്വവും നിറഞ്ഞ അന്തരീക്ഷത്തിൽ ഒരു രാജ്യത്തിനും മുന്നേറാനാവില്ല. സമാധാനമില്ലാതെ വികസനം എന്നത് വെറുമൊരു വാചകക്കസർത്ത് മാത്രമാണ്.
നമുക്ക് കൂടുതൽ ദീപക്കുമാരെ ആവശ്യമുണ്ട് – ആരെയും ഭയക്കാത്ത, മുട്ടുമടക്കാത്ത, ഭരണഘടനയ്‌ക്കൊപ്പം പൂർണ ശക്തിയോടെ ഉറച്ചുനിൽക്കുന്നവർ.
സഹോദരാ, ഞങ്ങൾ താങ്കൾക്കൊപ്പമുണ്ട്, ഭയപ്പെടേണ്ട. ഒരു സിംഹമാണ് താങ്കൾ.’
സംഭവം ഇങ്ങനെ
കഴിഞ്ഞ ജനുവരി 26-നാണ് കോട്ദ്വാറിൽ വക്കീൽ അഹമ്മദ് എന്ന 70-കാരനായ വ്യാപാരിയെ കടയുടെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് ഒരു സംഘം ആളുകൾ വളഞ്ഞത്. 46-കാരനായ ദീപക് കുമാർ ഇതിൽ ഇടപെടുകയും, ‘എന്റെ പേര് മുഹമ്മദ് ദീപക്’ എന്ന് പ്രഖ്യാപിച്ച് അക്രമികളെ നേരിടുകയും ചെയ്തു. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
അതേസമയം, ദീപക്കിനെതിരെ ബജ്റങ് ദൾ പ്രവർത്തകർ ഭീഷണി തുടരുകയാണ്. ജിമ്മിന് മുന്നിൽ തടിച്ചുകൂടിയ പ്രതിഷേധക്കാർ ദീപക്കിനും കുടുംബത്തിനും എതിരെ മുദ്രാവാക്യം വിളിച്ചു. ദീപകിനെ പിന്തുണച്ചും മറ്റൊരു വിഭാഗം രംഗത്തെത്തി. സംഭവത്തിൽ ഇരുവിഭാഗങ്ങൾക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.