പൊന്നിന് തീവില; പവന് 1.16 ലക്ഷം കടന്നു
കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. ഇന്ന് മാത്രം പവന് 1,640 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 1,16,480 രൂപ എന്ന റെക്കോർഡ് നിലവാരത്തിലെത്തി. രാജ്യാന്തര വിപണിയിലുണ്ടായ മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്.
അന്താരാഷ്ട്ര വിപണിയിൽ യുഎസ് ഡോളർ ദുർബലമാകുന്നതാണ് സ്വർണവില ഉയരാൻ പ്രധാന കാരണമായത്. ഡോളർ ഇൻഡക്‌സിലെ ഇടിവ് നിക്ഷേപകർക്ക് സ്വർണത്തെ കൂടുതൽ ആകർഷകമാക്കുന്നു. ഇതിനുപുറമെ, മിഡിൽ ഈസ്റ്റിലെ നിലനിൽക്കുന്ന രാഷ്ട്രീയ അസ്ഥിരതയും ഇറാൻ-യുഎസ് ബന്ധത്തിലെ വിള്ളലുകളും ആഗോളതലത്തിൽ നിക്ഷേപകർക്കിടയിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. സാമ്പത്തിക അനിശ്ചിതത്വമുള്ള ഘട്ടങ്ങളിൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ വലിയ തോതിൽ മൂലധനം സ്വർണത്തിലേക്ക് എത്തുന്നതാണ് വിലക്കയറ്റത്തിന് ആക്കം കൂട്ടുന്നത്.
സ്വർണത്തിന്റെ അടിസ്ഥാന വിലക്കൊപ്പം പണിക്കൂലിയും നികുതിയും ചേരുമ്പോൾ ഉപഭോക്താവിന്റെ കീശ ചോരും. കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലി, മൂന്ന് ശതമാനം ജിഎസ്ടി, ഹാൾമാർക്കിംഗ് ചാർജ് എന്നിവ കണക്കിലെടുക്കുമ്പോൾ ഒരു പവൻ ആഭരണം വാങ്ങാൻ ചുരുങ്ങിയത് 1,30,397 രൂപയെങ്കിലും ഇന്ന് നൽകേണ്ടി വരും. ആഭരണങ്ങളുടെ സങ്കീർണ്ണമായ ഡിസൈനുകൾ അനുസരിച്ച് പണിക്കൂലി ഇതിലും വർധിക്കാൻ സാധ്യതയുണ്ട്. വരും ദിവസങ്ങളിലും വിപണിയിൽ അസ്ഥിരത തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.