02/03/2026
[fontresizer_tawhidurrahmandear_widget]

കണ്ണില്ലാത്ത ക്രൂരത; ഗൃഹനാഥൻ മരിച്ച വീട്ടിൽ രാത്രി കവർച്ച, ഉറങ്ങിക്കിടന്ന സ്ത്രീയുടെ സ്വർണവള മുറിച്ചെടുത്തു

 കണ്ണില്ലാത്ത ക്രൂരത; ഗൃഹനാഥൻ മരിച്ച വീട്ടിൽ രാത്രി കവർച്ച, ഉറങ്ങിക്കിടന്ന സ്ത്രീയുടെ സ്വർണവള മുറിച്ചെടുത്തു

വണ്ടൂർ: നാടിനെ നടുക്കിയ അപകടമരണത്തിന്റെ വിലാപം അടങ്ങും മുൻപേ, വീട്ടിൽ മോഷ്ടാവിന്റെ വിളയാട്ടം. തെങ്ങിൽ നിന്ന് വീണു മരിച്ച ശാന്തിനഗർ താഴെപ്പറമ്പൻ അസ്കറിന്റെ വീട്ടിലാണ് സംസ്കാരച്ചടങ്ങുകൾ കഴിഞ്ഞ രാത്രിയിൽ കവർച്ച നടന്നത്. അസ്കറിന്റെ ഭാര്യ സുലൈഖയുടെ സഹോദരിയുടെ ഒരു പവൻ തൂക്കം വരുന്ന സ്വർണവളയാണ് മോഷ്ടാവ് കവർന്നത്.

കഴിഞ്ഞ ബുധനാഴ്ച വൈകിട്ടായിരുന്നു അസ്കറിന്റെ ഖബറടക്കം. ദുരന്തത്തിന്റെ ആഘാതത്തിൽ തളർന്നിരുന്ന ബന്ധുക്കൾ രാത്രി ഒരു മുറിയിലാണ് ഉറങ്ങാൻ കിടന്നത്. ജനലിനോട് ചേർന്ന് കിടന്നിരുന്ന സുലൈഖയുടെ സഹോദരിയുടെ കൈയ്യിലുണ്ടായിരുന്ന വള, പുലർച്ചെയോടെ കട്ടർ പോലുള്ള ആയുധം ഉപയോഗിച്ച് ജനൽ വിടവിലൂടെ മുറിച്ചെടുക്കുകയായിരുന്നു. വീട്ടുകാർ ഉണർന്നപ്പോഴാണ് സ്വർണം നഷ്ടപ്പെട്ട വിവരം തിരിച്ചറിഞ്ഞത്.

മരണവീട്ടിൽ നടന്ന ക്രൂരമായ കവർച്ച നാട്ടുകാരെയും പോലീസിനെയും ഒരുപോലെ ഞെട്ടിച്ചിട്ടുണ്ട്. സംഭവത്തെത്തുടർന്ന് ഡോഗ് സ്ക്വാഡും ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗവും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. പ്രതിയെ ഉടൻ പിടികൂടുമെന്നും അന്വേഷണം ഊർജിതമാക്കിയതായും വണ്ടൂർ പോലീസ് അറിയിച്ചു. ആസൂത്രിതമായ നീക്കമാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

Also read: