ഹണിട്രാപ്പ് കേസ് പ്രതികൾക്കെതിരെ കാപ്പ; സഫ്ന മുൻപും സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതായി സംശയം
കൊച്ചി: ഭിന്നശേഷിക്കാരനായ യുവാവിനെ ഹണിട്രാപ്പിൽപ്പെടുത്തി ക്രൂരമായി മർദിച്ച കേസിലെ പ്രതികൾക്കെതിരെ കാപ്പ ചുമത്തും. കേസിലെ പ്രതികളായ അമൽ, അനന്ത എന്നിവർ കൊലപാതകം, ലഹരിക്കടത്ത് അടക്കമുള്ള ഗുരുതര കുറ്റകൃത്യങ്ങളിൽ നേരത്തെയും ഉൾപ്പെട്ടിട്ടുള്ളതിനാലാണ് കടുത്ത നടപടിയിലേക്ക് പോലീസ് കടക്കുന്നത്. കേസിലെ ഒന്നാം പ്രതിയായ പറവൂർ സ്വദേശി സഫ്നയുടെ നേതൃത്വത്തിലുള്ള സംഘം മുൻപും സമാനമായ രീതിയിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ പോലീസ് വിപുലമായ അന്വേഷണം ആരംഭിച്ചു. ഉടൻ തന്നെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
സംസാരിക്കാനും കേൾക്കാനും ശേഷിയില്ലാത്ത കൊല്ലം നല്ലില സ്വദേശിയായ മുപ്പതുകാരനെ സഫ്ന സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ടാണ് എറണാകുളം സൗത്ത് ഓവർബ്രിഡ്ജിന് സമീപത്തെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തിയത്. വരാൻ മടിച്ച യുവാവിനെ നിർബന്ധിച്ച് ഹോട്ടൽ മുറിയിലെത്തിക്കുകയായിരുന്നു. മുറിയിലെത്തിയ യുവാവിന് സഫ്നയുടെ പെരുമാറ്റത്തിൽ സംശയം തോന്നി പുറത്തുകടക്കാൻ ശ്രമിച്ചതോടെ, കുളിമുറിയിൽ ഒളിച്ചിരുന്ന മറ്റ് സംഘാംഗങ്ങൾ പുറത്തുവന്ന് ഇയാളെ കീഴ്പ്പെടുത്തി. തുടർന്ന് ബലപ്രയോഗത്തിലൂടെ യുവാവിനെ വിവസ്ത്രനാക്കി സഫ്നയോടൊപ്പമുള്ള ദൃശ്യങ്ങൾ പകർത്തി. യുവാവിന്റെ ഫോണിലെ യുപിഐ ആപ്പ് വഴി പണം തട്ടാൻ പ്രതികൾ ശ്രമിച്ചെങ്കിലും ബാങ്ക് അക്കൗണ്ടിൽ പണമില്ലാതിരുന്നതിനാൽ ശ്രമം പരാജയപ്പെട്ടു. ഇതോടെ പ്രകോപിതരായ സംഘം യുവാവിനെ ക്രൂരമായി മർദിക്കുകയായിരുന്നു.
കടവന്ത്ര പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ സഫ്നയ്ക്കൊപ്പം വൈറ്റില സ്വദേശി ജോൺ രാഹുൽ, ഇരുമ്പനം സ്വദേശി അമൽ, മരട് സ്വദേശി ആനന്ദ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ ഉടൻ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പ് നടത്താനാണ് പോലീസ് ലക്ഷ്യമിടുന്നത്.