വെസ്റ്റ് ബാങ്കിലെ ഇസ്രയേൽ അധിനിവേശം: ശക്തമായി അപലപിച്ച് സൗദി അറേബ്യ
റിയാദ്: വെസ്റ്റ് ബാങ്കിലെ ഭൂമി ഇസ്രയേൽ ‘ദേശസ്വത്ത്’ ആയി പ്രഖ്യാപിച്ചതിനെതിരെ സൗദി അറേബ്യ രംഗത്ത്. അന്താരാഷ്ട്ര നിയമങ്ങളെ കാറ്റിൽ പറത്തിയുള്ള നീക്കം മേഖലയിലെ സമാധാന ശ്രമങ്ങളെ അട്ടിമറിക്കുന്നതാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.
അധിനിവേശ വെസ്റ്റ് ബാങ്കിൽ പുതിയ നിയമപരവും ഭരണപരവുമായ യാഥാർത്ഥ്യം അടിച്ചേൽപ്പിക്കാനാണ് ഇസ്രയേൽ ശ്രമിക്കുന്നതെന്ന് സൗദി കുറ്റപ്പെടുത്തി. ഈ നടപടി സമാധാനവും സ്ഥിരതയും കൈവരിക്കാനുള്ള നീക്കങ്ങൾക്ക് തിരിച്ചടിയാണ്. അധിനിവേശ ഫലസ്തീൻ പ്രദേശങ്ങളിൽ ഇസ്രയേലിന് യാതൊരു പരമാധികാരവുമില്ലെന്ന് ആവർത്തിച്ച സൗദി മന്ത്രാലയം, ഇസ്രയേലിന്റെ ഏകപക്ഷീയമായ തീരുമാനങ്ങളെ പൂർണമായും നിരാകരിക്കുന്നതായും വ്യക്തമാക്കി.
1967ലെ അതിർത്തികൾ അടിസ്ഥാനമാക്കി കിഴക്കൻ ജറുസലേം തലസ്ഥാനമായി സ്വതന്ത്രവും പരമാധികാരവുമായ ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനുള്ള ജനതയുടെ അവകാശത്തെ ഈ തീരുമാനം ചോദ്യം ചെയ്യുന്നു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണെന്നും ദ്വിരാഷ്ട്ര പരിഹാരമെന്ന ലക്ഷ്യത്തെ തകർക്കുന്നതായും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടുന്നു. ഫലസ്തീൻ ജനതയുടെ അന്തർലീനമായ അവകാശങ്ങൾക്ക് നേരെയുള്ള കടന്നുകയറ്റമാണിതെന്നും സൗദി അറേബ്യ ഓർമ്മിപ്പിച്ചു.