പ്രധാനമന്ത്രിയുടെ ക്ഷണം; ബിജെപി കൗൺസിലർമാർ ഡൽഹിക്ക്; സംഘത്തിനൊപ്പം ആർ. ശ്രീലേഖയില്ല
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ഡൽഹിയിലേക്ക് തിരിക്കുന്ന ബിജെപി ജനപ്രതിനിധികളുടെ സംഘത്തിനൊപ്പം മുൻ ഡിജിപിയും കൗൺസിലറുമായ ആർ. ശ്രീലേഖ പോകുന്നില്ല. മൂന്ന് ദിവസം നീളുന്ന ട്രെയിൻ യാത്രയിലെ ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് താൻ സംഘത്തോടൊപ്പം ചേരാത്തതെന്ന് ശ്രീലേഖ പാർട്ടി നേതൃത്വത്തെ അറിയിച്ചു. എന്നാൽ, പ്രധാനമന്ത്രി വിരുന്നൊരുക്കുന്ന ദിവസം വിമാനമാർഗ്ഗം അവർ ഡൽഹിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ.
തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർമാരും വിവിധ നഗരസഭാപഞ്ചായത്ത് അധ്യക്ഷന്മാരും അടങ്ങുന്ന സംഘം ഇന്ന് ഉച്ചയ്ക്ക് 12.30ന് കേരള എക്സ്പ്രസിലാണ് യാത്ര തിരിച്ചത്. ഈ മാസം 12നാണ് പ്രധാനമന്ത്രി ജനപ്രതിനിധികൾക്കായി വിരുന്നൊരുക്കുന്നത്. യാത്രയ്ക്കിടെ വിവിധ സംസ്ഥാനങ്ങളിൽ സംഘത്തിന് ബിജെപി പ്രവർത്തകർ സ്വീകരണം നൽകും. അതേസമയം, മാതാവിന്റെ ആരോഗ്യപ്രശ്നങ്ങൾ കാരണം സ്റ്റാൻഡിങ് കമ്മിറ്റി അംഗം എം.ആർ. ഗോപനും യാത്രയിൽ നിന്ന് വിട്ടുനിന്നു.
തിരുവനന്തപുരം കോർപ്പറേഷനിലെ മേയർ സ്ഥാനത്തെച്ചൊല്ലി ആർ. ശ്രീലേഖ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചത് നേരത്തെ വലിയ ചർച്ചയായിരുന്നു. കഴിഞ്ഞദിവസം പ്രധാനമന്ത്രി തലസ്ഥാനത്ത് എത്തിയപ്പോൾ വേദിയിൽ നേതാക്കൾക്കിടയിൽ പെടാതെ ശ്രീലേഖ മാറിനിൽക്കുന്ന വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ, കൗൺസിലർമാരുടെ സംഘത്തോടൊപ്പം യാത്ര ചെയ്യാത്തത് രാഷ്ട്രീയ കേന്ദ്രങ്ങളിൽ പലവിധ വ്യാഖ്യാനങ്ങൾക്ക് ഇട നൽകുന്നുണ്ട്.