‘ഇവിടെ ഈദും ദീപാവലിയും ഒരുമിച്ച്; ഈ സാഹോദര്യം തകർക്കാൻ ആരെയും അനുവദിക്കില്ല’-അപമാനം നേരിട്ട മുസ്‌ലിം സ്ത്രീക്ക് പിന്തുണയുമായി ഹിന്ദു ഗ്രാമീണർ
ജയ്പ്പൂർ: രാജസ്ഥാനിലെ ടോങ്ക് ജില്ലയിലുണ്ടായ രാജ്യത്തെ മതേതര മനസ്സാക്ഷിയെ മരവിപ്പിക്കുന്ന സംഭവവും അതേത്തുടർന്ന് ഗ്രാമവാസികൾ ഉയർത്തിയ സ്‌നേഹത്തിന്റെ പ്രതിരോധവുമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ബിജെപി നേതാവും മുൻ എംപിയുമായ സുഖ്ബീർ സിങ് ജൗനാപുരിയ വിതരണം ചെയ്ത പുതപ്പുകൾ മുസ്ലിം സ്ത്രീകളിൽനിന്ന് തിരികെ വാങ്ങിയ സംഭവം വലിയ വിവാദമായിരിക്കുകയാണ്. ഇപ്പോൾ ടോങ്ക് ജില്ലയിലുള്ള കരേഡ ബുസുർഗ് എന്ന ഗ്രാമം ഒന്നാകെ ബിജെപി നേതാവിന്റെ നടപടിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ്. അവഗണന നേരിട്ട മുസ്‌ലിം സ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നാട് ഒറ്റക്കെട്ടായി നിൽക്കുകയാണെന്ന് ‘ഇന്ത്യൻ എക്‌സ്പ്രസ്’ റിപ്പോർട്ട് ചെയ്യുന്നു.
ഫെബ്രുവരി 28-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അജ്മീർ സന്ദർശിക്കുന്നതിന് മുന്നോടിയായി ഗ്രാമവാസികളെ ക്ഷണിക്കാനാണ് ടോങ്ക്-സവായ് മധോപൂർ മുൻ എംപി ജൗനാപുരിയ ഗ്രാമത്തിലെത്തിയത്. ചടങ്ങിനിടയിൽ ഷകുരൻ ബാനു എന്ന അറുപത്തിയഞ്ചുകാരിയുൾപ്പെടെ അഞ്ചോളം മുസ്ലിം സ്ത്രീകൾക്ക് അദ്ദേഹം പുതപ്പുകൾ നൽകി. എന്നാൽ, അവരുടെ പേര് ചോദിച്ചപ്പോൾ മുസ്ലിം നാമമാണെന്ന് മനസ്സിലാക്കിയ അദ്ദേഹം ഉടനടി പുതപ്പുകൾ തിരികെ വാങ്ങാൻ ആവശ്യപ്പെടുകയായിരുന്നു.
‘പുതപ്പ് കിട്ടിയില്ലെങ്കിലും എനിക്ക് കുഴപ്പമില്ലായിരുന്നു, പക്ഷേ ഇത് എന്നെ അപമാനിക്കുന്നതിന് തുല്യമാണ്,’ ഷകുരൻ ബാനു അന്നു തന്റെ വേദന പങ്കുവെച്ചത് ഇങ്ങനെയായിരുന്നു. വിതരണത്തിനിടെ അവരോട് മാറി ഇരിക്കാൻ ആവശ്യപ്പെട്ടതായും, ‘മോദിയെ ചീത്ത വിളിക്കുന്നവർക്ക് ഈ പുതപ്പ് വാങ്ങാൻ അവകാശമില്ല’ എന്ന് നേതാവ് പറഞ്ഞതായും അവർ പറഞ്ഞു. തന്റെ ഭർത്താവ് നിസാം മരിച്ചതിനുശേഷം രണ്ട് മുറികളുള്ള വാടകവീട്ടിൽ മകനും കുടുംബത്തോടുമൊപ്പമാണ് ഷകുരൻ താമസിക്കുന്നത്.
നേതാവിന്റെ ഈ നടപടിക്കെതിരെ ഏറ്റവും ശക്തമായി പ്രതികരിച്ചത് ഗ്രാമത്തിലെ ഹിന്ദു വിഭാഗത്തിൽപ്പെട്ട അയൽവാസികളാണ്. ഗ്രാമപഞ്ചായത്ത് സർപഞ്ചിന്റെ ഭർത്താവ് ഹനുമാൻ ചൗധരി പറയുന്നതനുസരിച്ച്, മുസ്ലിംകളെക്കാൾ കൂടുതൽ ഹിന്ദുക്കളാണ് ഈ സംഭവത്തിൽ രോഷാകുലരായത്. ‘ഞങ്ങളുടെ ഗ്രാമത്തിൽ മുസ്ലിംകൾ വെറും മൂന്ന് ശതമാനം മാത്രമാണ്. ദീപാവലിയും ഈദും ഞങ്ങൾ ഒരുമിച്ചാണ് ആഘോഷിക്കുന്നത്. ഈ സാഹോദര്യം തകർക്കാൻ ഞങ്ങൾ ആരെയും അനുവദിക്കില്ല,’ അദ്ദേഹം പറഞ്ഞു. പ്രതിഷേധസൂചകമായി അടുത്ത ദിവസം തന്നെ ഗ്രാമവാസികൾ ജൗനാപുരിയയുടെ കോലം കത്തിച്ചു.
വിവാദങ്ങൾക്കിടയിലും തന്റെ നടപടിയെ ന്യായീകരിക്കുകയാണ് ജൗനാപുരിയ ചെയ്തത്. പുതപ്പ് വിതരണം തന്റെ വ്യക്തിപരമായ ചെലവിൽ നടത്തുന്നതാണെന്നും സർക്കാർ പദ്ധതിയല്ലെന്നും അദ്ദേഹം വാദിച്ചു. ബിജെപി പ്രവർത്തകർക്കായി കരുതിവെച്ച പുതപ്പുകൾ അനാവശ്യമായി എത്തിയവർക്ക് നൽകാൻ കഴിയില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. എന്നാൽ, അവർക്ക് നൽകിയാൽ പിന്നീട് അവർ തന്നെ കളിയാക്കുമെന്ന് താൻ ഭയപ്പെട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു.
അപമാനിക്കപ്പെട്ട ഷകുരൻ ബാനുവിനും മറ്റ് സ്ത്രീകൾക്കും പിന്തുണയുമായി കോൺഗ്രസ് ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തി. രാജസ്ഥാൻ കോൺഗ്രസ് മൈനോറിറ്റി സെല്ലും പ്രാദേശിക നേതാക്കളും അവർക്ക് പുതിയ പുതപ്പുകൾ എത്തിച്ചുനൽകി.
പണ്ട് കോവിഡ് പ്രതിരോധത്തിനായി ചെളിയിൽ കുളിക്കുകയും ശംഖ് ഊതുകയും ചെയ്ത് വാർത്തകളിൽ നിറഞ്ഞ നേതാവാണ് ജൗനാപുരിയ. മതത്തിന്റെ പേരിൽ വിഭജിക്കാൻ ശ്രമിച്ച രാഷ്ട്രീയക്കാരന്, മനുഷ്യത്വവും അയൽപക്ക ബന്ധവുമാണ് വലുതെന്ന് കാണിച്ചുകൊടുത്തിരിക്കുകയാണ് കരേഡ ബുസുർഗ് ഗ്രാമം.