02/03/2026
[fontresizer_tawhidurrahmandear_widget]

‘പ്രസവത്തിനിടെ മലാശയം മുറിഞ്ഞു; കരഞ്ഞപ്പോൾ അഹങ്കാരിയെന്നു വിളിച്ചു’; ഡോക്ടറുടെ കൊടുംക്രൂരതയിൽ തകർന്ന് യുവതിയും കുടുംബവും

 ‘പ്രസവത്തിനിടെ മലാശയം മുറിഞ്ഞു; കരഞ്ഞപ്പോൾ അഹങ്കാരിയെന്നു വിളിച്ചു’; ഡോക്ടറുടെ കൊടുംക്രൂരതയിൽ തകർന്ന് യുവതിയും കുടുംബവും

തിരുവനന്തപുരം: പ്രസവത്തിനിടെയുണ്ടായ ഗുരുതരമായ ചികിത്സാ പിഴവിനെത്തുടർന്ന് നെടുമങ്ങാട് സ്വദേശിനിയായ ഹസ്‌ന ഫാത്തിമ (23) നേരിടുന്നത് സമാനതകളില്ലാത്ത ദുരിതം. ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിൽ നിലവിൽ സസ്‌പെൻഷനിലുള്ള ഗൈനക്കോളജിസ്റ്റ് ഡോ. ബിന്ദു സുന്ദറിനെതിരെയാണ് യുവതി ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. ശസ്ത്രക്രിയയ്ക്കിടെ മലാശയം മുറിഞ്ഞതാണ് യുവതിയുടെ ആരോഗ്യനില വഷളാക്കിയത്.

2025 ജൂണിലായിരുന്നു ഹസ്‌നയുടെ പ്രസവം. സിസേറിയനിടെ മലാശയം മുറിഞ്ഞതോടെ വിസർജ്യം ജനനേന്ദ്രിയത്തിലൂടെ പുറത്തുവരുന്ന അതീവ ഗുരുതരമായ അവസ്ഥയുണ്ടായി. വേദനകൊണ്ട് കരഞ്ഞപ്പോൾ ഡോക്ടർ തന്നെ ‘അഹങ്കാരി’ എന്ന് വിളിച്ച് അധിക്ഷേപിച്ചതായും, കൈക്കൂലി നൽകിയ ശേഷമാണ് മുറിവിൽ മരുന്നുപോലും വെക്കാൻ തയ്യാറായതെന്നും യുവതി വെളിപ്പെടുത്തി. നിലവിൽ വയറിന് പുറത്ത് ഘടിപ്പിച്ച ‘സ്റ്റോമ ബാഗിലൂടെയാണ്’ വിസർജനം നടക്കുന്നത്. കഠിനമായ വേദന കാരണം സ്വന്തം കുഞ്ഞിനെ ഒന്ന് എടുക്കാൻ പോലും ഈ മാതാവിന്‌ സാധിക്കുന്നില്ല.

ചികിത്സയ്ക്കായി അഞ്ച് ശസ്ത്രക്രിയകൾ കഴിഞ്ഞ ഹസ്‌നയുടെ കുടുംബം സാമ്പത്തികമായി തകർന്നു. ഭർത്താവിന്റെ ഓട്ടോ വിറ്റും ലോണെടുത്തും ആറ് ലക്ഷത്തോളം രൂപ ഇതിനോടകം ചെലവഴിച്ചു. ആരോഗ്യവകുപ്പിന് പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് ഡോക്ടറുടെ ക്രൂരതകൾ യുവതി മാധ്യമങ്ങളോട് തുറന്നുപറഞ്ഞത്. വിതുര സ്വദേശികളുടെ കുഞ്ഞ് പ്രസവത്തിനിടെ മരിച്ച സംഭവത്തിൽ ഇതേ ഡോക്ടർ ഇപ്പോൾ സസ്‌പെൻഷനിലാണ്.

ജനനേന്ദ്രിയഭാഗത്ത് വീണ്ടും പ്ലാസ്റ്റിക് സർജറി ചെയ്യണമെന്നും അതിനു 3 മാസം കാത്തിരിക്കണമെന്നുമാണ് ഡോക്ടർമാർ പറഞ്ഞിട്ടുള്ളത്. അതുവരെ വേദന സഹിക്കണമെന്നും പറഞ്ഞാണ് ഡിസ്ചാർജ് ചെയ്തത്. രണ്ടാഴ്ച കഴിഞ്ഞപ്പോൾ വയറിന്റെ ഇടതു ഭാഗത്ത് കൂടി പഴുപ്പ് ഒലിക്കാൻ തുടങ്ങി. അസഹ്യമായ വേദന കാരണം യുവതി കടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അവിടെ വീണ്ടും ശസ്ത്രക്രിയ ചെയ്ത് സ്‌റ്റോമ ബാഗിന്റെ സ്ഥാനം മാറ്റി. ഇനിയും ചികിത്സ വേണമെന്നാണ് ഡോക്ടർമാർ പറഞ്ഞിട്ടുള്ളത്. സ്വകാര്യ ആശുപത്രിയിൽ തുടർ ചികിത്സയ്ക്ക് പണമില്ലാതെ വലയുകയാണ് യുവതിയും കുടുംബവും.

Also read: