02/03/2026
[fontresizer_tawhidurrahmandear_widget]

നെതന്യാഹുവിന്റെ ഓഫീസിൽ അജ്ഞാത ദ്രാവകം അടങ്ങിയ ‘ദുരൂഹ കവർ’; ബയോലാബിലേക്ക് അയച്ച് പരിശോധന

 നെതന്യാഹുവിന്റെ ഓഫീസിൽ അജ്ഞാത ദ്രാവകം അടങ്ങിയ ‘ദുരൂഹ കവർ’; ബയോലാബിലേക്ക് അയച്ച് പരിശോധന

തെൽ അവീവ്: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസിൽ ആശങ്കയുണർത്തി അജ്ഞാത കവർ. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ കവറാണു മണിക്കൂറുകളോളം സുരക്ഷാ ഉദ്യോഗസ്ഥരെയും മറ്റു ജീവനക്കാരെയും മുൾമുനയിൽ നിർത്തിയത്. ഇന്നു രാവിലെ ജെറൂസലേമിലുള്ള ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ നടന്ന പതിവ് സുരക്ഷാ പരിശോധനയ്ക്കിടെയാണു സംഭവം.

കവർ കണ്ടെത്തിയ ഉടൻ തന്നെ ഇസ്രയേൽ പോലീസിന്റെ സ്‌ഫോടകവസ്തു വിഭാഗവും ഫോറൻസിക് ലബോറട്ടറി സംഘവും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. ബോംബ് സ്‌ക്വാഡും പരിശോധനയുടെ ഭാഗമായി.

പ്രാഥമിക പരിശോധനയിൽ സ്‌ഫോടകവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയില്ല. എന്നാൽ, കവറിനുള്ളിൽ അജ്ഞാത ദ്രാവകം അടങ്ങിയ ചെറിയ കുപ്പികൾ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. കവർ കൂടുതൽ വിശദമായ പരിശോധനകൾക്കായി നെസ് സിയോണയിലെ അത്യാധുനിക ബയോളജിക്കൽ ലബോറട്ടറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

‘സുരക്ഷാ പ്രോട്ടോക്കോളുകൾ കൃത്യമായി പാലിച്ചാണ് നടപടികൾ പൂർത്തിയാക്കിയത്. നിലവിൽ ഓഫീസിലെ ജീവനക്കാർക്കോ മറ്റുള്ളവർക്കോ യാതൊരുവിധ ഭീഷണിയുമില്ല,’ പ്രധാനമന്ത്രിയുടെ ഓഫീസിലെ സുരക്ഷാ വിഭാഗം അറിയിച്ചു.

കഴിഞ്ഞ കുറച്ചു മാസങ്ങളായി സമാനമായ സംഭവങ്ങൾ ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. 2025 ഏപ്രിലിലും നവംബറിലും ഇത്തരത്തിൽ സംശയാസ്പദമായ കവറുകൾ ലഭിച്ചിരുന്നു. എന്നാൽ, അവയൊന്നും അപകടകാരിയല്ലെന്ന് പിന്നീട് സ്ഥിരീകരിച്ചിരുന്നു.

നിലവിലെ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ആരാണ് കവർ അയച്ചതെന്നോ അതിന്റെ ഉള്ളടക്കം എന്താണെന്നോ ഉള്ള കാര്യത്തിൽ വ്യക്തത വരാനിരിക്കുന്നതേയുള്ളൂ.

Also read: