02/03/2026
[fontresizer_tawhidurrahmandear_widget]

ഇറാന്റെ ആക്രമണഭീഷണിക്കിടെ സിറിയൻ താവളവും കാലിയാക്കി അമേരിക്ക

 ഇറാന്റെ ആക്രമണഭീഷണിക്കിടെ സിറിയൻ താവളവും കാലിയാക്കി അമേരിക്ക

ദമാസ്കസ്: ഒരു പതിറ്റാണ്ടിലേറെ നീണ്ടുനിന്ന സൈനിക സാന്നിധ്യം അവസാനിപ്പിച്ച്, സിറിയയിലെ തന്ത്രപ്രധാനമായ അൽ-തൻഫ് സൈനിക താവളത്തിൽനിന്ന് അമേരിക്കൻ സൈന്യം പൂർണമായും പിന്മാറി. ഇറാൻ്റെ ആക്രമണ ഭീഷണികൾക്കിടെയാണ് നിർണായക നീക്കം. ദിവസങ്ങൾക്ക് മുൻപ് ഇറാഖിലെ അൽ അസദ് വ്യോമതാവളത്തിൽനിന്നും അമേരിക്ക സമ്പൂർണമായി പിൻവാങ്ങിയിരുന്നു.

ഫെബ്രുവരി 11-ഓടെ അൽ-തൻഫിൽ നിന്നുള്ള പിന്മാറ്റം പൂർത്തിയായതായും താവളത്തിന്റെ നിയന്ത്രണം സിറിയൻ സൈന്യം ഏറ്റെടുത്തതായും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ​സിറിയ, ഇറാഖ്, ജോർദാൻ എന്നീ രാജ്യങ്ങളുടെ അതിർത്തികൾ സംഗമിക്കുന്ന ഇടത്താണ് അൽ-തൻഫ് സ്ഥിതി ചെയ്യുന്നത്. 2014-ൽ ഐഎസ്ഐഎസിനെതിരായ പോരാട്ടത്തിന്റെ ഭാഗമായാണ് അമേരിക്ക ഇവിടെ താവളം സ്ഥാപിച്ചത്. എന്നാൽ, മേഖലയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ വന്ന മാറ്റങ്ങളും സിറിയയിലെ പുതിയ ഇടക്കാല സർക്കാരുമായുള്ള ധാരണകളും മുൻനിർത്തിയാണ് ഇപ്പോൾ പിന്മാറ്റം നടന്നിരിക്കുന്നത്.

അമേരിക്കൻ സേനയും സിറിയൻ പ്രതിരോധ മന്ത്രാലയവും തമ്മിലുള്ള കൃത്യമായ ഏകോപനത്തിലൂടെയാണ് കൈമാറ്റം നടന്നത്. അമേരിക്കൻ സൈന്യം പിൻവാങ്ങിയതിന് തൊട്ടുപിന്നാലെ സിറിയൻ സൈനിക യൂണിറ്റുകൾ താവളത്തിൽ നിലയുറപ്പിച്ചു. വരും ദിവസങ്ങളിൽ അതിർത്തി സംരക്ഷണത്തിനായി കൂടുതൽ സേനയെ വിന്യസിക്കുമെന്ന് സിറിയ അറിയിച്ചു.

അൽ-തൻഫിൽ ഉണ്ടായിരുന്ന അമേരിക്കൻ സൈനികരെ ജോർദാനിലെ ‘ടവർ 22’ എന്ന താവളത്തിലേക്കാണ് താൽക്കാലികമായി മാറ്റിയിരിക്കുന്നത്. ഇറാഖിലെ അയിൻ അൽ-അസദ് ഉൾപ്പെടെയുള്ള താവളങ്ങളിൽ നിന്നും അമേരിക്കൻ സേന നേരത്തെ പിൻവാങ്ങിയിരുന്നു. 2026 സെപ്റ്റംബറോടെ ഇറാഖിലെ പൂർണമായ പിന്മാറ്റം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

Also read: