04/03/2026
[fontresizer_tawhidurrahmandear_widget]

ഔദ്യോഗിക ചടങ്ങുകളിലും സ്‌കൂൾ അസംബ്ലിയിലും വന്ദേമാതരം നിർബന്ധം

 ഔദ്യോഗിക ചടങ്ങുകളിലും സ്‌കൂൾ അസംബ്ലിയിലും വന്ദേമാതരം നിർബന്ധം

ന്യൂഡൽഹി : ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരം ആലപിക്കുന്നത് നിർബന്ധമാക്കി കേന്ദ്ര സർക്കാർ. വന്ദേമാതരത്തിന്റെ 150ാം വാർഷികത്തോടനുബന്ധിച്ചാണ് പുതിയ നിയമം പുറത്തിറക്കിയത്. ആദ്യ രണ്ട് ചരണങ്ങളോടൊപ്പം 1937ൽ ഒഴിവാക്കിയ നാല് ചരണങ്ങൾ ഉൾപ്പെടെ ആറ് ചരണങ്ങളും പൂർണമായി ആലപിക്കണം. ഇതിനായി 3 മിനിറ്റ് 10 സെക്കൻഡ് സമയമാണ് നിശ്ചയിച്ചിരിക്കുന്നത്. കോൺഗ്രസ് വന്ദേമാതരത്തെ വെട്ടിമുറിച്ചത് രാഷ്ട്രീയ പ്രീണനത്തിന്റെ ഭാഗമായാണെന്ന് ബിജെപി ആരോപിച്ചു. ചരിത്ര പരമായ തിരുത്താണ് തങ്ങൾ നടത്തിയതെന്നും കേന്ദ്ര സർക്കാർ അവകാശപ്പെട്ടു.

വന്ദേമാതരത്തിൽ നേരത്തെ ഒഴിവാക്കിയ മതബിംബങ്ങൾ ഉൾപ്പെട്ട ചരണങ്ങൾ വീണ്ടും ബിജെപി ചേർക്കുന്നത് ദേശീയതയുടെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാനാണെന്ന് കോൺഗ്രസ് ആരോപിച്ചു. ഗാനം എല്ലാ മതസ്ഥർക്കും സ്വീകാര്യമാവാൻ വേണ്ടി രവീന്ദ്രനാഥ ടാഗോറിന്റെ നിർദ്ദേശപ്രകാരമാണ് 4 ചരണങ്ങൾ ഒഴിവാക്കിയതെന്നും കോൺഗ്രസ് നേതാക്കൾ അറിയിച്ചു.

ദേശീയഗാനത്തിന് നൽകുന്ന ആദരവ് തന്നെ വന്ദേമാതരത്തിനും നൽകണമെന്നും ഗാനം ആലപിക്കുമ്പോൾ എല്ലാവരും എഴുന്നേറ്റ് നിൽക്കണമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു. ഒരു ചടങ്ങിൽ ദേശീയഗാനവും വന്ദേമാതരവും ഉണ്ടെങ്കിൽ ആദ്യം വന്ദേമാതരമാണ് ആലപിക്കേണ്ടത്. സർക്കാർ പരിപാടികൾ, സ്‌കൂൾ അസംബ്ലികൾ, അവാർഡ് ദാന ചടങ്ങുകൾ എന്നിവിടങ്ങളിൽ ഈ നിയമം കർശനമായി പാലിക്കണം. സിനിമ തിയേറ്ററുകളിൽ വന്ദേമാതരം കേൾപ്പിക്കാമെങ്കിലും അവിടെ കാണികൾ എഴുന്നേറ്റ് നിൽക്കണമെന്ന് നിർബന്ധമില്ലെന്നും മാർഗ നിർദേശത്തിൽ വ്യക്തമാക്കുന്നു.

Also read: