‘വിവാഹത്തിനു മുമ്പ് എങ്ങനെ ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നു; ആരെയും അത്ര വിശ്വസിക്കരുത്’
ന്യൂഡൽഹി : വിവാഹത്തിനു മുമ്പ് ആണും പെണ്ണും അപരിചിതരാണെന്നും ശാരീരീക ബന്ധങ്ങളിൽ അതീവ ജാഗ്രത പാലിക്കണമെന്നും സുപ്രീം കോടതിയുടെ പരാമർശം. വിവാഹിതനായ പ്രതി യുവതിക്ക് വിവാഹ വാഗ്ദാനം നൽകി ശാരീരീക ബന്ധത്തിലേർപ്പെടുകയും, പിന്നീട് മറ്റൊരു യുവതിയെ വിവാഹം കഴിക്കുകയും ചെയ്ത കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് ജസ്റ്റിസ് ബി.വി നാഗരത്‌ന, ജസ്റ്റിസ് ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ പരാമർശം.
വിവാഹത്തിനു മുൻപ് എങ്ങനെ ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നു എന്നത് മനസിലാക്കാൻ കഴിയുന്നില്ല, എത്ര ദൃഢമായ ബന്ധമാണെങ്കിലും ആരെയും കണ്ണടച്ച് വിശ്വസിക്കരുത്. വളരെ ശ്രദ്ധാലുക്കളായിരിക്കണമെന്നും കോടതി പറഞ്ഞു.
2022ൽ ഒരു മാട്രിമോണിയൽ സൈറ്റ് വഴിയാണ് 30 വയസുള്ള യുവതി പ്രതിയെ പരിചയപ്പെട്ടത്. വിവാഹം കഴിക്കാമെന്ന് വാഗ്ദാനത്തിന്മേൽ യുവതി ഇയാളുമായി ശാരീരിക ബന്ധത്തിലേർപ്പെടുകയും ദുബായിലേക്ക് യാത്ര ചെയ്യുകയും ചെയ്തു. എന്നാൽ ഇയാൾ യുവതിയുടെ അനുവാദമില്ലാതെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയും പിന്നീട് അത് പ്രചരിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പ്രോസിക്യൂഷൻ ആരോപിച്ചു.
വിവാഹത്തിനു മുമ്പ് എന്തിനാണ് പ്രതിക്കൊപ്പം ദുബായിലേക്ക് യാത്ര ചെയ്തതെന്ന് കോടതി ചോദിച്ചു. പരസ്പര സമ്മതപ്രകാരമുള്ള ശാരീരിക ബന്ധങ്ങൾ നിലനിൽക്കുന്ന ഇത്തരം കേസുകളിൽ ശിക്ഷാനടപടികളെക്കാൾ മധ്യസ്ഥതയ്ക്കാണ് പ്രാധാന്യം നൽകേണ്ടതെന്നും ബെഞ്ച് നിരീക്ഷിച്ചു. കേസ് കൂടുതൽ വാദത്തിനായി ബുധനാഴചത്തേക്ക് മാറ്റിവെച്ചു.