വീണാ ജോർജിനെ ആക്രമിക്കുന്ന ദൃശ്യം ഹാജരാക്കിയാൽ കുഴിമന്തിയും ഒരു പവൻ സ്വർണവും; പാരിതോഷികം പ്രഖ്യാപിച്ച് കെ.എസ്.യുവും യൂത്ത് കോൺഗ്രസും
കണ്ണൂര്‍: തനിക്ക് നേരെ കെഎസ്യു പ്രവർത്തകർ വധശ്രമം നടത്തിയെന്ന ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ ആരോപണത്തെ പരിഹസിച്ച് പ്രതിപക്ഷ സംഘടനകൾ. മന്ത്രിയെ കെഎസ്യു പ്രവർത്തകർ കയ്യേറ്റം ചെയ്യുന്ന വീഡിയോ ദൃശ്യങ്ങൾ ഹാജരാക്കുന്നവർക്ക് സ്വർണവും കുഴിമന്തിയും പാരിതോഷികം പ്രഖ്യാപിച്ചാണ് കെഎസ്യുവും യൂത്ത് കോൺഗ്രസും രംഗത്തെത്തിയിരിക്കുന്നത്.
കെഎസ്യു കണ്ണൂർ ജില്ലാ കമ്മിറ്റിയാണ് സ്വർണം പ്രഖ്യാപിച്ചിരിക്കുന്നത്. മന്ത്രിയെ ആക്രമിച്ചതിന് തെളിവ് നൽകുന്നവർക്ക് ഒരു പവൻ സ്വർണമോതിരം നൽകുമെന്നാണു വാഗ്ദാനം. കുഴിമന്ത്രി ഓഫറുമായി കെഎസ്യു കൈപ്പമംഗലം നിയോജക മണ്ഡലം കമ്മിറ്റിയും രംഗത്തെത്തി. ആക്രമിക്കുന്ന ദൃശ്യങ്ങൾ നൽകുന്നവർക്ക് കുഴിമന്തി നൽകുമെന്ന് കമ്മിറ്റി സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു.
വിദ്യാർഥിയായിരിക്കെ മോണോ ആക്ടിൽ ഒന്നാംസ്ഥാനം നേടിയ വീണാ ജോർജ് മന്ത്രിയായിട്ടും ആ അഭിനയമികവ് തുടരുകയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ ജനീഷ് പരിഹസിച്ചു. സ്പീക്കർ എ.എൻ ഷംസീറിനെ കാണുന്നത് വരെ ഇല്ലാതിരുന്ന പരിക്ക് പെട്ടെന്ന് എവിടെ നിന്ന് വന്നുവെന്നും, കരിങ്കൊടി വീശിയ കാറ്റിലാണോ കഴുത്തിന് പരിക്കേറ്റതെന്നും ജനീഷ് ചോദിച്ചു.
പ്രതിഷേധക്കാർക്ക് നേരെ മന്ത്രി വാഹനത്തിന്റെ ചില്ല് താഴ്ത്തി ആക്രോശിച്ചതായും, പോലീസിന്റെ സുരക്ഷാ വലയത്തിലുള്ള മന്ത്രിക്കെതിരെ ഒരു കയ്യേറ്റവും നടന്നിട്ടില്ലെന്നും യൂത്ത് കോൺഗ്രസ് ആവർത്തിച്ചു.