02/03/2026
[fontresizer_tawhidurrahmandear_widget]

‘എസ്‌ഐആറിൽ സോഫ്റ്റ്‍വെയര്‍ പിഴവുകൾ സംഭവിച്ചു’; ഒടുവിൽ സമ്മതിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

 ‘എസ്‌ഐആറിൽ സോഫ്റ്റ്‍വെയര്‍ പിഴവുകൾ സംഭവിച്ചു’; ഒടുവിൽ സമ്മതിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: പശ്ചിമ ബംഗാളിലെ വോട്ടർ പട്ടിക തീവ്ര പരിശോധന(എസ്‌ഐആർ) നടപടികൾക്കിടെ സാങ്കേതിക തകരാറുകൾ നേരിട്ടെന്നു സമ്മതിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. കമ്മീഷൻ ഐടി വിഭാഗം ഉദ്യോഗസ്ഥരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ സംബന്ധിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി സുപ്രീം കോടതിയിൽ നേരിട്ടെത്തി പരാതി ഉന്നയിച്ചതിന് പിന്നാലെയാണ് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തൽ വരുന്നത്.

തെരഞ്ഞെടുപ്പ് കമ്മീഷൻ ഉപയോഗിക്കുന്ന ‘ഇറോനെറ്റ്’ എന്ന സോഫ്റ്റ്വെയറിലെ പോരായ്മകളാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രധാനമായും രണ്ട് തരത്തിലുള്ള പ്രശ്‌നങ്ങളാണ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്:

ഒന്ന്- 2002, 2004 കാലഘട്ടങ്ങളിലെ പഴയ രേഖകൾ സ്‌കാൻ ചെയ്താണ് ഉപയോഗിക്കുന്നത്. ഇവയിൽ വ്യക്തത കുറവുള്ളപ്പോൾ സോഫ്റ്റ്വെയറിന് വിവരങ്ങൾ കൃത്യമായി വായിക്കാൻ കഴിയാതെ വരുന്നു.

രണ്ട്, ഭാഷാ വിവർത്തനത്തിലെ പിഴവുകൾ: പഴയ വോട്ടർ പട്ടികയിലെ ബംഗാളിയിലുള്ള പേരുകൾ ഇംഗ്ലീഷിലേക്ക് മാറ്റുമ്പോഴാണ് പ്രധാനമായും പിഴവുകൾ സംഭവിക്കുന്നത്. ഉദാഹരണത്തിന്, ‘മുഹമ്മദ്’, ‘മണ്ഡൽ’, ‘ഷെയ്ഖ്’ തുടങ്ങിയ പേരുകൾ ഇംഗ്ലീഷിലേക്ക് മാറ്റുമ്പോൾ ഉണ്ടാകുന്ന ചെറിയ അക്ഷരവ്യത്യാസങ്ങളെപ്പോലും വലിയ പിഴവുകളായി(Logical Discrepancies) സോഫ്റ്റ്വെയർ അടയാളപ്പെടുത്തുന്നു.

‘സോഫ്റ്റ്വെയറിന് പ്രാദേശിക ഭാഷാ രീതികളോ പേരുകളിലെ വൈവിധ്യങ്ങളോ മനസ്സിലാക്കാൻ കഴിയില്ല. അത് അക്ഷരങ്ങൾ മാത്രം താരതമ്യം ചെയ്ത് വ്യത്യാസങ്ങൾ അടയാളപ്പെടുത്തുകയാണ് ചെയ്യുന്നത്,’ ഒരു തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

നേരത്തെ ഇത്തരം ചെറിയ പിഴവുകൾ ബൂത്ത് ലെവൽ ഓഫീസർമാർക്ക്(ബിഎൽഒ) നേരിട്ട് പരിഹരിക്കാൻ കഴിയുമായിരുന്നു. എന്നാൽ, പുതിയ സംവിധാനത്തിൽ സോഫ്റ്റ്വെയർ ഒരു വോട്ടറെ ഫ്‌ലാഗ് ചെയ്തു കഴിഞ്ഞാൽ, അത് തിരുത്തുന്നതിനുള്ള നടപടിക്രമങ്ങൾ കൂടുതൽ സങ്കീർണവും സമയമെടുക്കുന്നതുമായി മാറിയെന്നും ഉദ്യോഗസ്ഥർ സമ്മതിക്കുന്നു.

യഥാർത്ഥ വോട്ടർമാരെപ്പോലും സംശയത്തിന്റെ നിഴലിലാക്കുന്നതാണ് ഈ നടപടിയെന്ന് കാണിച്ച് മമത ബാനർജി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വോട്ടർ പട്ടിക പുതുക്കൽ നടപടികളുമായി സംസ്ഥാന സർക്കാർ സഹകരിക്കുന്നില്ലെന്ന് ആരോപിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ബംഗാൾ സർക്കാരിന് കത്തയച്ചതിന് തൊട്ടുപിന്നാലെയാണ് സോഫ്റ്റ്വെയർ പിഴവുകൾ സംബന്ധിച്ച വിവരങ്ങൾ പുറത്തുവരുന്നത്.

Also read: