02/03/2026
[fontresizer_tawhidurrahmandear_widget]

മുട്ടുവേദനയ്ക്ക് ചികിത്സ തേടിയെത്തി; യുവാവിന്റെ രണ്ടു കണ്ണുകളും നീക്കം ചെയ്തു: തൃശൂർ മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപണം

 മുട്ടുവേദനയ്ക്ക് ചികിത്സ തേടിയെത്തി; യുവാവിന്റെ രണ്ടു കണ്ണുകളും നീക്കം ചെയ്തു: തൃശൂർ മെഡിക്കൽ കോളേജിനെതിരെ ഗുരുതര ആരോപണം

തൃശൂർ: മുട്ടുവേദനയുമായി ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ യുവാവിന്റെ രണ്ടു കണ്ണുകളും നഷ്ടപ്പെട്ടതായി ഗുരുതര പരാതി. തൃശൂർ മെഡിക്കൽ കോളേജിനെതിരെ ചികിത്സാ പിഴവും ക്രൂരമായ അനാസ്ഥയും ആരോപിച്ച് ടൈൽസ് തൊഴിലാളിയായ സനൂപും കുടുംബവുമാണ് രംഗത്തെത്തിയിരിക്കുന്നത്. സ്വന്തമായി ബൈക്ക് ഓടിച്ച് ആശുപത്രിയിലെത്തിയ സനൂപിനാണ് ചികിത്സയ്ക്കിടെ കാഴ്ച പൂർണമായും നഷ്ടമായത്.

ആശുപത്രിയിൽ പ്രവേശിപ്പിച്ച സനൂപിന്റെ കയ്യിൽ കാനുല ഇട്ട ഭാഗത്ത് കടുത്ത വേദനയും തടിപ്പും അനുഭവപ്പെട്ടതോടെയാണ് ദുരിതം ആരംഭിച്ചത്. ഇക്കാര്യം പലതവണ നഴ്‌സുമാരോടും ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരോടും പരാതിപ്പെട്ടിട്ടും ആരും ശ്രദ്ധിക്കാൻ തയ്യാറായില്ലെന്ന് കുടുംബം ആരോപിക്കുന്നു. ഇതേത്തുടർന്ന് കയ്യിൽ മാരകമായ അണുബാധ പടരുകയും സനൂപ് അബോധാവസ്ഥയിലാവുകയും ചെയ്തു. സനൂപിന്റെ നില വഷളായതോടെ അടിയന്തര ശസ്ത്രക്രിയ വേണമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ എഴുത്തും വായനയും അറിയാത്ത സനൂപിന്റെ അമ്മ വത്സലയെക്കൊണ്ട് നിർബന്ധപൂർവ്വം സമ്മതപത്രത്തിൽ ഒപ്പിടുവിക്കുകയായിരുന്നുവെന്നാണ് പരാതി. അബോധാവസ്ഥയിൽ കിടന്നിരുന്ന സനൂപിന്റെ കൈ വിരലുകൾ ഉപയോഗിച്ച് വട്ടം വരപ്പിച്ചാണ് ആശുപത്രി അധികൃതർ രേഖകൾ തയ്യാറാക്കിയതെന്നും, തന്റെ മകന്റെ രണ്ടു കണ്ണുകളും നീക്കം ചെയ്യാനാണ് താൻ അനുവാദം നൽകുന്നതെന്ന് ആ അമ്മ അറിഞ്ഞിരുന്നില്ലെന്നും കുടുംബം പറയുന്നു.

ദിവസങ്ങൾക്ക് ശേഷം ബോധം തിരിച്ചുകിട്ടിയപ്പോഴാണ് തനിക്ക് കാഴ്ചയില്ലെന്ന ഞെട്ടിക്കുന്ന സത്യം സനൂപ് തിരിച്ചറിഞ്ഞത്. അണുബാധയേറ്റെന്നും രക്തത്തിൽ പഞ്ചസാരയുടെ അളവ് കൂടിയതുകൊണ്ടാണ് കണ്ണുകൾ നീക്കം ചെയ്യേണ്ടി വന്നതെന്നുമാണ് ഡോക്ടർമാർ നൽകിയ വിശദീകരണം. എന്നാൽ ചികിത്സാ രേഖകൾ നൽകാൻ അധികൃതർ തയ്യാറായില്ലെന്നും, പിന്നീട് വിവരാവകാശ പ്രകാരം ലഭിച്ച രേഖകളിൽ തിരുത്തലുകൾ വരുത്തിയിട്ടുണ്ടെന്നും സനൂപ് ആരോപിക്കുന്നു. കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന സനൂപ് കാഴ്ചാഹീനനായതോടെ ആ കുടുംബം പട്ടിണിയിലായി. നീതി തേടി മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും നടപടിയൊന്നുമുണ്ടായില്ലെന്ന് സനൂപിന്റെ അമ്മ കണ്ണീരോടെ പറയുന്നു. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന്റെയും ആരോഗ്യ വകുപ്പിന്റെയും അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാവുകയാണ്.

Also read: