‘എന്റേതല്ല, തിരികെ എടുക്കൂ’; ബാങ്ക് അക്കൗണ്ടിൽ അപ്രതീക്ഷിതമായി എത്തിയ 10 കോടി തൊടില്ലെന്ന് വീട്ടമ്മ
ലഖ്‌നൗ: ബാങ്ക് അക്കൗണ്ടിൽ അപ്രതീക്ഷിതമായി എത്തിയ കോടികൾ കണ്ട് കണ്ണുതള്ളിയെങ്കിലും, സത്യസന്ധത കൈവിടാതെ ഒരു വീട്ടമ്മ മാതൃകയാകുന്നു. ഉത്തർപ്രദേശിലെ മെയിൻപുരി ജില്ലയിലുള്ള ദേവ്ഗഞ്ച് ഗ്രാമവാസിയായ റീത്തയുടെ അക്കൗണ്ടിലേക്കാണ് പത്ത് കോടിയോളം രൂപ അബദ്ധത്തിൽ ക്രെഡിറ്റ് ചെയ്യപ്പെട്ടത്. എന്നാൽ പണം തന്റേതല്ലെന്ന് ഉറപ്പിച്ചുപറഞ്ഞ റീത്ത, ബാങ്ക് അധികൃതർ പ്രശ്നം പരിഹരിക്കുന്നതുവരെ അക്കൗണ്ടിൽ നിന്നും ഒരു രൂപ പോലും തൊടില്ലെന്ന ഉറച്ച നിലപാടിലാണ്.
കർഷകനായ പരസ്ഭാൻ ബഹേലിയയുടെ ഭാര്യയാണ് റീത്ത. നവരാത്രി ആഘോഷങ്ങൾക്കിടെ പണം പിൻവലിക്കാനായി എടിഎമ്മിൽ എത്തിയപ്പോഴാണ് തന്റെ അക്കൗണ്ട് ബാലൻസ് കണ്ട് ഇവർ ഞെട്ടിയത്. 9,99,49,588 രൂപയാണ് (ഏകദേശം പത്ത് കോടി) ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടിൽ കാണിച്ചിരുന്നത്. വിശ്വസിക്കാനാവാതെ മറ്റൊരു എടിഎമ്മിൽ കൂടി പരിശോധിച്ചപ്പോഴും തുക കൃത്യമാണെന്ന് ബോധ്യപ്പെട്ടു.
സാധാരണക്കാരായ ഈ കുടുംബത്തിന് പണം ദുരുപയോഗം ചെയ്യാൻ അവസരമുണ്ടായിട്ടും, സത്യസന്ധത ഉയർത്തിപ്പിടിച്ച റീത്തയെ തേടി ഇപ്പോൾ അഭിനന്ദനപ്രവാഹമാണ്. പണം വന്ന വഴി വ്യക്തമാകാതെ അതിൽ തൊടരുതെന്ന് ഇവർ കുടുംബാംഗങ്ങൾക്കും കർശന നിർദ്ദേശം നൽകി. അവധിക്ക് ശേഷം ബാങ്ക് തുറക്കുമ്പോൾ തുക തിരികെ നൽകാനാണ് ഇവരുടെ തീരുമാനം. സാങ്കേതിക പിഴവാകാം ഇതിന് പിന്നിലെന്ന് ബാങ്ക് അധികൃതർ സൂചിപ്പിച്ചു. സോഷ്യൽ മീഡിയയിൽ റീത്തയുടെ എടിഎം ദൃശ്യങ്ങൾ വൈറലായതോടെ കർഷക കുടുംബം രാജ്യത്തിന്റെയാകെ ഹീറോകളായി മാറിയിരിക്കുകയാണ്.