കണങ്കാലിലെ വീക്കം നിസാരമാക്കരുത്; വൃക്ക തകരാറിലാണെന്ന് സൂചിപ്പിക്കുന്ന 5 ലക്ഷണങ്ങൾ അറിയാം
ശരീരത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്യുന്ന പ്രധാന അവയവമായ വൃക്കകളുടെ പ്രവർത്തനം തകരാറിലാകുന്നത് പലപ്പോഴും പ്രാരംഭ ഘട്ടത്തിൽ തിരിച്ചറിയാറില്ല. എന്നാൽ വൃക്കകൾ നേരിടുന്ന സമ്മർദ്ദം കാലുകളിലൂടെ ചില ലക്ഷണങ്ങളായി ശരീരം പ്രകടിപ്പിക്കാറുണ്ട്. പ്രായമോ ക്ഷീണമോ മൂലമാണെന്ന് കരുതി നമ്മൾ നിസ്സാരമായി തള്ളിക്കളയുന്ന അഞ്ച് പ്രധാന ലക്ഷണങ്ങൾ ശ്രദ്ധിച്ചാൽ വലിയ അപകടങ്ങൾ ഒഴിവാക്കാം.
കണങ്കാലിലെ വീക്കം
വൈകുന്നേരങ്ങളിൽ കണങ്കാലിന് ചുറ്റും കാണപ്പെടുന്ന നേരിയ വീക്കമാണ് പ്രധാന ലക്ഷണം. ശരീരത്തിലെ അധിക ഉപ്പും വെള്ളവും നീക്കം ചെയ്യാൻ വൃക്കകൾക്ക് കഴിയാതെ വരുമ്പോഴാണ് ഈ ദ്രാവകം കാലുകളിൽ അടിഞ്ഞുകൂടുന്നത്. സോക്സ് ധരിക്കുമ്പോൾ പാടുകൾ ആഴത്തിൽ പതിയുന്നുണ്ടെങ്കിൽ അത് ദ്രാവക സന്തുലിതാവസ്ഥ തെറ്റിയതിന്റെ സൂചനയാകാം.
ചർമ്മത്തിലെ മാറ്റങ്ങളും ചൊറിച്ചിലും
രക്തത്തിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടുന്നത് ചർമ്മത്തിനടിയിൽ കടുത്ത ചൊറിച്ചിലിന് കാരണമാകും. കണങ്കാലിന് ചുറ്റും ചുവന്ന തടിപ്പുകളോ മറ്റ് ചർമ്മപ്രശ്നങ്ങളോ ഇല്ലാതെ തന്നെ വിട്ടുമാറാത്ത ചൊറിച്ചിൽ അനുഭവപ്പെടുന്നത് ‘യുറമിക് പ്രൂരിറ്റസ്’ എന്ന അവസ്ഥയുടെ ലക്ഷണമാണ്. കൂടാതെ, പരിക്കുകളില്ലാതെ തന്നെ കാലിലെ ചർമ്മത്തിന് നിറവ്യത്യാസമോ ഇരുണ്ട നിറമോ വരുന്നത് രക്തചംക്രമണം കുറയുന്നതിന്റെ ഫലമാകാം.
പേശിവലിവും മരവിപ്പും
രാത്രികാലങ്ങളിൽ കണങ്കാലിന് ചുറ്റും അനുഭവപ്പെടുന്ന പേശിവലിവ് കേവലം ക്ഷീണം കൊണ്ടല്ല. പൊട്ടാസ്യം, കാൽസ്യം തുടങ്ങിയ ധാതുക്കളുടെ അളവ് രക്തത്തിൽ വ്യത്യാസപ്പെടുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. ഇതിനൊപ്പം കാലുകളിൽ ഇക്കിളിയോ മരവിപ്പോ (പെരിഫറൽ ന്യൂറോപ്പതി) അനുഭവപ്പെടുന്നത് നാഡീവ്യവസ്ഥയെ മാലിന്യങ്ങൾ ബാധിക്കുന്നതിന്റെ സൂചനയാണ്.
മുൻകരുതലുകൾ അത്യാവശ്യം
യൂറിക് ആസിഡിന്റെ അളവ് കൂടുന്നത് വൃക്കയിൽ കല്ലുകൾ രൂപപ്പെടാനും ഇത് പിന്നീട് സങ്കീർണ്ണമായ വൃക്ക തകരാറുകളിലേക്കും നയിക്കാം.
ആവശ്യത്തിന് വെള്ളം കുടിക്കുക, ഭക്ഷണത്തിൽ ഉപ്പിന്റെ അളവ് കുറയ്ക്കുക, വ്യായാമവും യോഗയും ശീലമാക്കുക എന്നിവയിലൂടെ വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കാം. മുകളിൽ പറഞ്ഞ ലക്ഷണങ്ങൾ തുടർച്ചയായി കാണപ്പെടുന്നുണ്ടെങ്കിൽ സ്വയം ചികിത്സയ്ക്ക് നിൽക്കാതെ ഉടൻ തന്നെ ഒരു ഡോക്ടറെ കണ്ട് പരിശോധനകൾ നടത്തേണ്ടത് അനിവാര്യമാണ്.