29/03/2026
[fontresizer_tawhidurrahmandear_widget]

എ.കെ.ജി സെന്ററിന് ഭൂമി അനുവദിച്ച ഫയൽ കാണാനില്ല; ആർക്കൈവ്‌സിലും രേഖകളില്ലെന്ന് വിവരാവകാശ മറുപടി

 എ.കെ.ജി സെന്ററിന് ഭൂമി അനുവദിച്ച ഫയൽ കാണാനില്ല; ആർക്കൈവ്‌സിലും രേഖകളില്ലെന്ന് വിവരാവകാശ മറുപടി

തിരുവനന്തപുരം: സി.പി.എം സംസ്ഥാന കമ്മിറ്റി ഓഫീസായ എ.കെ.ജി സെന്ററിന് ഭൂമി വിട്ടുനൽകിയതുമായി ബന്ധപ്പെട്ട സുപ്രധാന സർക്കാർ ഫയലുകൾ കാണാനില്ലെന്ന് വിവരാവകാശ രേഖ. ഭൂമി ഇടപാടിൽ ക്രമക്കേട് ആരോപിച്ച് ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നതിനിടെയാണ് സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തൽ പുറത്തുവന്നിരിക്കുന്നത്. 1977-ൽ എ.കെ ആന്റണി മുഖ്യമന്ത്രിയായിരുന്ന കാലത്ത് എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിനായി ഭൂമി അനുവദിച്ച ഉത്തരവ് ആർക്കൈവ്‌സ് വകുപ്പിന്റെ കൈവശമില്ലെന്നാണ് വിവരം.

റവന്യൂ വകുപ്പിന്റെ പക്കൽ ഈ ഫയലുകൾ ഇല്ലെന്നും അവ ആർക്കൈവ്‌സിലേക്ക് കൈമാറിയെന്നുമായിരുന്നു നേരത്തെ അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ, 1977 ഓഗസ്റ്റ് 20-ലെ ജി.ഒ.എം.എസ് 1172/77/ആർഡി എന്ന നമ്പറിലുള്ള ഉത്തരവ് തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് ആർക്കൈവ്‌സ് ഡയറക്ടർ വ്യക്തമാക്കി. നമ്പറിന് മുൻപും ശേഷവുമുള്ള ഫയലുകൾ ലഭ്യമാണെങ്കിലും വിവാദമായ ഉത്തരവ് മാത്രം പട്ടികയിലില്ല.

പ്രധാന തർക്കങ്ങൾ

  • ഭൂമിയുടെ അളവ്: സെന്ററിനായി എത്ര സെന്റ് ഭൂമിയാണ് അനുവദിച്ചതെന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്.
  • അധിക ഭൂമി: കേരള സർവ്വകലാശാലയുടെ പക്കൽ നിന്നും 15 സെന്റ് ഭൂമി കൂടി ട്രസ്റ്റിന് ‘ഗിഫ്റ്റ്’ ആയി ലഭിച്ചുവെന്ന് രേഖകൾ പറയുന്നുണ്ടെങ്കിലും, സർക്കാർ ഭൂമി ഇങ്ങനെ കൈമാറാൻ സർവ്വകലാശാലയ്ക്ക് അധികാരമില്ലെന്നാണ് ഹർജിക്കാരുടെ വാദം.
  • പുറമ്പോക്ക് ഭൂമി: 2018-ലെ റീ സർവ്വേ പ്രകാരം എ.കെ.ജി സെന്റർ ഇരിക്കുന്നത് പുറമ്പോക്ക് ഭൂമിയിലാണെന്നും അതിനാൽ നികുതി സ്വീകരിക്കുന്നില്ലെന്നും വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു.

ഭൂമി അനുവദിച്ച രേഖകൾ ഹാജരാക്കിയാൽ മാത്രമേ നിലവിലെ കൈവശം നിയമപരമാണോ എന്ന് വ്യക്തമാകൂ. സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് വിഷയത്തിൽ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

Also read: