മിഡിൽ ഈസ്റ്റിൽ യുദ്ധം കടുക്കുന്നു; 2500 നാവികരെ വിന്യസിച്ച് അമേരിക്ക, ഇറാന്റെ എണ്ണ ടെർമിനലുകൾക്ക് നേരെ ആക്രമണം
വാഷിങ്ടൺ: ഇറാൻ – ഇസ്രയേൽ സംഘർഷം അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക് നീങ്ങുന്നതിനിടെ, മിഡിൽ ഈസ്റ്റിലേക്ക് 2,500 നാവികരെ കൂടി അയക്കാൻ അമേരിക്ക തീരുമാനിച്ചു. അത്യാധുനിക ആക്രമണ കപ്പലായ യുഎസ്എസ് ട്രിപ്പോളിയും ഉടൻ മേഖലയിലെത്തും. ഇറാന്റെ എണ്ണ കയറ്റുമതിയുടെ പ്രധാന കേന്ദ്രമായ ഖാർഗ് ദ്വീപിലെ സൈനിക ലക്ഷ്യങ്ങൾ അമേരിക്ക തകർത്തതിന് പിന്നാലെയാണ് വൻ സൈനിക നീക്കം.
യുദ്ധം രണ്ടാമത്തെ ആഴ്ചയിലേക്ക് കടക്കുമ്പോൾ ഇറാന്റെ എണ്ണ – ഊർജ്ജ മേഖലകളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളാണ് യുഎസ് ശക്തമാക്കിയിരിക്കുന്നത്. ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം തടസ്സപ്പെടുത്തുന്ന ഇറാന്റെ നീക്കത്തിന് വലിയ വില നൽകേണ്ടി വരുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇതിനിടെ, തെഹ്‌റാനിൽ ഫലസ്തീൻ അനുകൂല റാലിക്കിടെയുണ്ടായ ശക്തമായ സ്ഫോടനം മേഖലയെ വീണ്ടും നടുക്കി.
ഇസ്രയേൽ – ഹിസ്ബുള്ള പോരാട്ടം രൂക്ഷമായ ലെബനനിൽ ഇതിനോടകം 800-ഓളം പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. യുഎസ് സൈനിക വിമാനം തകർന്ന് ആറ് പേർ കൊല്ലപ്പെട്ടതും സ്ഥിതിഗതികൾ വഷളാക്കിയിട്ടുണ്ട്. ലോകത്തെ എണ്ണ വ്യാപാരത്തെയാകെ ബാധിക്കുന്ന ഹോർമുസ് കടലിടുക്കിലെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള നീക്കത്തിലാണ് നിലവിൽ അമേരിക്കൻ സൈന്യം. വരും ദിവസങ്ങളിൽ മേഖലയിൽ ഒരു കരയുദ്ധത്തിന് സാധ്യതയുണ്ടോ എന്ന ആശങ്കയിലാണ് ലോകരാജ്യങ്ങൾ.