07/03/2026
[fontresizer_tawhidurrahmandear_widget]

‘പരിമിതികൾ വിജയത്തിന് തടസ്സമല്ല’ ഓർമ്മ നഷ്ടപ്പെട്ട് രണ്ട് വർഷം, വീൽചെയറിൽ നിന്ന് ആതിര സിവിൽ സർവീസിലേക്ക്

 ‘പരിമിതികൾ വിജയത്തിന് തടസ്സമല്ല’ ഓർമ്മ നഷ്ടപ്പെട്ട് രണ്ട് വർഷം,  വീൽചെയറിൽ നിന്ന് ആതിര  സിവിൽ സർവീസിലേക്ക്

കോഴിക്കോട്‌: ശാരീരിക പരിമിതികളെ മനക്കരുത്ത് കൊണ്ട് അതിജീവിച്ച് സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുന്ദമംഗലം സ്വദേശി ഡോ. ആതിര സുഗതൻ നാടിനാകെ അഭിമാനമാകുന്നു. യുപിഎസ്‌സി സിവിൽ സർവീസ് പരീക്ഷയിൽ 483-ാം റാങ്ക് നേടിയാണ് ആതിര ഈ നേട്ടം കൈവരിച്ചത്. അപ്രതീക്ഷിതമായുണ്ടായ അപകടം ജീവിതത്തെ വീൽചെയറിലേക്ക് മാറ്റിയപ്പോഴും, തന്റെ സ്വപ്നങ്ങൾക്ക് തളർച്ച ബാധിക്കില്ലെന്ന് ആതിര തെളിയിച്ചു. കഠിനാധ്വാനവും നിശ്ചയദാർഢ്യവും കൈമുതലാക്കിയാണ് ആതിര ഈ നേട്ടം സ്വന്തമാക്കിയത്.

വർഷങ്ങൾക്കു മുമ്പ് ബെംഗളൂരുവിൽ ബി ഡി എസിന് പഠിക്കുമ്പോൾ നടന്ന വാഹനാപകടമാണ് ആതിരയുടെ ചലനശേഷിയെ ബാധിച്ചത്. അപകടത്തെത്തുടർന്ന് രണ്ട് വർഷത്തോളം ആതിരയ്ക്ക് ഓർമ്മ നഷ്ടപ്പെട്ടിരുന്നു. എന്നാൽ ശാരീരികമായ വെല്ലുവിളികൾ തന്റെ ലക്ഷ്യത്തിലേക്കുള്ള യാത്രയ്ക്ക് തടസ്സമാകാൻ അവർ അനുവദിച്ചില്ല. വീടിനുള്ളിലെ പരിമിതമായ സാഹചര്യങ്ങളിൽ ഇരുന്നുകൊണ്ട് പുസ്തകങ്ങളെ കൂട്ടുപിടിച്ച് ആതിര നടത്തിയ പോരാട്ടം ഇന്ന് വലിയൊരു വിജയമായി മാറിയിരിക്കുകയാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും പൂർണ്ണ പിന്തുണ ആതിരയ്ക്ക് എന്നും കരുത്തായി കൂടെയുണ്ടായിരുന്നു.

“പരിമിതികൾ വിജയത്തിന് തടസ്സമല്ല, മറിച്ച് നമ്മുടെ ചിന്തകളാണ് നമ്മെ തളർത്തുന്നത്” എന്ന വലിയ പാഠമാണ് ആതിരയുടെ ജീവിതം നമുക്ക് നൽകുന്നത്. സിവിൽ സർവീസ് റാങ്ക് പട്ടികയിൽ ഇടംപിടിച്ച ആതിരയുടെ വിജയം, പ്രതിസന്ധികളിൽ തളർന്നുപോകുന്ന ഏതൊരാൾക്കും മുന്നോട്ടുള്ള പ്രയാണത്തിൽ വലിയൊരു പ്രചോദനമാണ്. ആതിരയുടെ നേട്ടത്തെ അഭിനന്ദിച്ചുകൊണ്ട് സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖർ രംഗത്തെത്തി. ആദ്യ മൂന്ന് ശ്രമങ്ങളിലും പരാജയപ്പെട്ടെങ്കിലും പിന്തിരിയാൻ ആതിര തയ്യാറായില്ല. നാലാം ശ്രമത്തിൽ നാല് വർഷത്തെ കഠിനാധ്വാനത്തിനൊടുവിലാണ് ലക്ഷ്യം കണ്ടത്.

ബി.ഡി.എസ് ബിരുദധാരിയായ ആതിര മലയാളം ഓപ്ഷണൽ ആയി തിരഞ്ഞെടുത്താണ് പരീക്ഷയെ നേരിട്ടത്. അഭിമുഖത്തിലും മലയാളത്തിൽ തന്നെ മറുപടി നൽകി മികച്ച പ്രകടനം കാഴ്ചവെച്ചു. ദിവസവും വെറും നാല് മണിക്കൂർ മാത്രം ഉറങ്ങി പഠനത്തിനായി സമയം കണ്ടെത്തിയ ആതിരയുടെ വിജയരഹസ്യം വിട്ടുവീഴ്ചയില്ലാത്ത പരിശ്രമമാണ്.

Also read: