‘എപ്സ്റ്റീനൊപ്പം മികച്ച നിമിഷങ്ങളുണ്ടായെന്ന് ട്രംപ് പറഞ്ഞു’; 2003ൽ തന്നെ താൻ ബന്ധം ഉപേക്ഷിച്ചെന്ന് ക്ലിന്റൺ
വാഷിങ്ടൺ: ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായി തനിക്ക് മികച്ച സൗഹൃദമുണ്ടായിരുന്നുവെന്ന് ഡൊണാൾഡ് ട്രംപ് വെളിപ്പെടുത്തിയിരുന്നതായി മുൻ യുഎസ് പ്രസിഡന്റ് ബിൽ ക്ലിന്റൺ. ഹൗസ് ഓവർസൈറ്റ് കമ്മിറ്റിക്ക് മുന്നിൽ നൽകിയ മൊഴിയുടെ വീഡിയോ പുറത്തുവന്നതോടെയാണ് ട്രംപ്-എപ്സ്റ്റീൻ ബന്ധത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ ചർച്ചയാകുന്നത്.
2002ലോ 2003ലോ നടന്ന ഗോൾഫ് ടൂർണമെന്റിനിടെയാണ് ട്രംപ് ഇക്കാര്യം തന്നോട് പറഞ്ഞതെന്ന് ക്ലിന്റൺ സാക്ഷ്യപ്പെടുത്തി. ‘വർഷങ്ങളോളം ഞങ്ങൾ ഒരുമിച്ച് മികച്ച സമയങ്ങൾ ചെലവഴിച്ചു, എന്നാൽ റിയൽ എസ്റ്റേറ്റ് ഇടപാടിനെച്ചൊല്ലി ഞങ്ങൾ പിരിഞ്ഞു’ എന്ന് ട്രംപ് പറഞ്ഞതായി ക്ലിന്റൺ വെളിപ്പെടുത്തി. ട്രംപിന്റെ ഉടമസ്ഥതയിലുള്ള മാർഎലാഗോ ക്ലബ്ബിലെ ജീവനക്കാരെ എപ്സ്റ്റീൻ ജോലിക്കെടുത്തതാണ് ഇരുവരും തമ്മിലുള്ള അകൽച്ചയ്ക്ക് കാരണമായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, എപ്സ്റ്റീനുമായുള്ള തന്റെ ബന്ധം 2003ൽ തന്നെ അവസാനിച്ചുവെന്നും അദ്ദേഹത്തിന്റെ ക്രിമിനൽ പശ്ചാത്തലത്തെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്നും ക്ലിന്റൺ വ്യക്തമാക്കി. തന്റെ ഫൗണ്ടേഷൻ പ്രവർത്തനങ്ങൾക്കായി എപ്സ്റ്റീന്റെ സ്വകാര്യ വിമാനം ഉപയോഗിച്ചിട്ടുണ്ടെന്ന് സമ്മതിച്ച അദ്ദേഹം, എന്നാൽ എപ്സ്റ്റീന്റെ ദ്വീപ് സന്ദർശിച്ചിട്ടില്ലെന്ന് ആവർത്തിച്ചു. എപ്സ്റ്റീൻ സ്ത്രീകളെയോ പെൺകുട്ടികളെയോ ദുരുപയോഗം ചെയ്യുന്നത് താൻ നേരിട്ട് കണ്ടിട്ടില്ലെന്നും ക്ലിന്റൺ കമ്മിറ്റിക്ക് മൊഴി നൽകി.
റിപ്പബ്ലിക്കൻ നേതൃത്വത്തിലുള്ള കമ്മിറ്റി ഹിലരി ക്ലിന്റനെയും ചോദ്യം ചെയ്തെങ്കിലും എപ്സ്റ്റീനുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് അവർ വ്യക്തമാക്കിയത്. എപ്സ്റ്റീനെക്കുറിച്ചുള്ള അന്വേഷണങ്ങൾ ഫെഡറൽ ഗവൺമെന്റ് കൈകാര്യം ചെയ്ത രീതിയെക്കുറിച്ച് പഠിക്കുന്നതിന്റെ ഭാഗമായാണ് മുൻ പ്രസിഡന്റിനെയും പത്നിയെയും കമ്മിറ്റി ചോദ്യം ചെയ്തത്. ഒരു മുൻ അമേരിക്കൻ പ്രസിഡന്റ് കോൺഗ്രസ് കമ്മിറ്റിക്ക് മുന്നിൽ സാക്ഷ്യപ്പെടുത്തുന്നത് ഇതാദ്യമായാണ്. എപ്സ്റ്റീന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക്, താൻ അവിടെ ഉണ്ടായിരുന്നില്ലെന്നും മെഡിക്കൽ റിപ്പോർട്ടുകൾ മാത്രമാണ് അറിയാവുന്നത് എന്നും ക്ലിന്റൺ മറുപടി നൽകി.