31/03/2026
[fontresizer_tawhidurrahmandear_widget]

പശ്ചിമേഷ്യൻ യുദ്ധത്തിലേക്ക് ‘ചെചൻ ഗറില്ലകളും’; അമേരിക്ക കരയുദ്ധം ആരംഭിച്ചാൽ സ്‌പെഷ്യൽ ഫോഴ്‌സ് യൂണിറ്റുകൾ ഇറാനിലെത്തുമെന്ന് റിപ്പോർട്ട്

 പശ്ചിമേഷ്യൻ യുദ്ധത്തിലേക്ക് ‘ചെചൻ ഗറില്ലകളും’; അമേരിക്ക കരയുദ്ധം ആരംഭിച്ചാൽ സ്‌പെഷ്യൽ ഫോഴ്‌സ് യൂണിറ്റുകൾ ഇറാനിലെത്തുമെന്ന് റിപ്പോർട്ട്

തെഹ്‌റാൻ: ഇറാനിലെ തന്ത്രപ്രധാന മേഖലകളിൽ അമേരിക്കൻ സൈന്യം കരയുദ്ധം ആരംഭിച്ചാൽ, പ്രതിരോധത്തിനായി അതിമാരക പ്രഹരശേഷിയുള്ള ചെചൻ സ്‌പെഷ്യൽ ഫോഴ്‌സ് യൂണിറ്റുകളെ വിന്യസിക്കാൻ നീക്കം. റഷ്യൻ ഫെഡറേഷന്റെ ഭാഗമായ ചെചൻ റിപബ്ലിക്കിൽനിന്നുള്ള പോരാളികൾ ഇറാനിലേക്ക് തിരിക്കാൻ സന്നദ്ധത അറിയിച്ചതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇറാൻ മാധ്യമമായ ‘പ്രസ് ടി.വി’ ആണ് വാർത്ത പുറത്തുവിട്ടത്.

ഗറില്ലാ യുദ്ധമുറയിലെ അജയ്യർ
ലോകത്തെ തന്നെ ഏറ്റവും കരുത്തരായ പോരാളികളായാണ് ചെചൻ യൂണിറ്റുകൾ അറിയപ്പെടുന്നത്. അതിസങ്കീർണമായ ഭൂപ്രദേശങ്ങളിലും നഗരങ്ങൾക്കുള്ളിലും ശത്രുസൈന്യത്തെ അപ്രതീക്ഷിതമായി ആക്രമിച്ചു തകർക്കുന്ന ഗറില്ലാ യുദ്ധമുറയിൽ ഇവർ അഗ്രഗണ്യരാണ്. കുന്നുകളും മലനിരകളും നിറഞ്ഞ ഇറാനിലെ ഭൂപ്രകൃതിയിൽ അമേരിക്കൻ ടാങ്കുകളെയും കവചിത വാഹനങ്ങളെയും തകർക്കാൻ ചെചൻ പോരാളികളുടെ സാന്നിധ്യം ഇസ്രയേൽ-അമേരിക്കൻ സഖ്യത്തിന് വലിയ വെല്ലുവിളിയാകും. റഷ്യ-യുക്രെയ്ൻ യുദ്ധത്തിൽ മരിയുപോൾ അടക്കമുള്ള നഗരങ്ങൾ പിടിച്ചെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഇവർ, ശത്രുവിന്റെ ആത്മവീര്യം തകർക്കുന്നതിൽ പേരെടുത്തവരാണ്.

തന്ത്രപ്രധാനമായ സഹകരണം
തെഹ്‌റാൻ ലക്ഷ്യമാക്കി അമേരിക്കൻ സൈന്യം നീങ്ങിയാൽ അതൊരു നീണ്ട ഗറില്ലാ യുദ്ധത്തിലേക്ക് വഴിമാറുമെന്ന് സൈനിക നിരീക്ഷകർ കരുതുന്നു. അത്യാധുനിക ആയുധങ്ങളേക്കാൾ പ്രായോഗിക യുദ്ധതന്ത്രങ്ങളിൽ വിശ്വസിക്കുന്ന ചെചൻ യൂണിറ്റുകൾ ഇറാനിലെത്തിക്കഴിഞ്ഞാൽ, പശ്ചിമേഷ്യയിലെ യുദ്ധഭൂമിയിൽ അതൊരു പുതിയ അധ്യായമാകും. ഹൂത്തികളും മറ്റ് പ്രാദേശിക സഖ്യകക്ഷികളും ഇതിനകം തന്നെ ഇസ്രയേൽ നഗരങ്ങളായ തെൽ അവീവ് ഉൾപ്പെടെയുള്ള ഇടങ്ങളിൽ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്.

അമേരിക്കയ്ക്ക് മുന്നറിയിപ്പ്
അമേരിക്കൻ കരസേന ഇറാൻ മണ്ണിൽ കാലുകുത്തിയാൽ വലിയ നാശനഷ്ടങ്ങൾ നേരിടേണ്ടി വരുമെന്ന റഷ്യയുടെ പരോക്ഷമായ മുന്നറിയിപ്പായാണ് ഈ നീക്കത്തെ കാണുന്നത്. ചെചൻ പോരാളികൾ ഇറാനിലെ സൈനികർക്ക് ഗറില്ലാ യുദ്ധമുറകളിൽ പ്രത്യേക പരിശീലനം നൽകാനും സാധ്യതയുണ്ട്.

നിലവിൽ ഹോർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുന്നതും ആഗോളതലത്തിൽ ഇന്ധനവില വർധിച്ചതും അമേരിക്കയെ സമ്മർദത്തിലാക്കുമ്പോഴാണ്, ഖാർഗ് ദ്വീപ് ഉൾപ്പെടെയുള്ള ഇറാൻ പ്രദേശങ്ങളിലേക്ക് അമേരിക്ക കരയുദ്ധത്തിന് നീക്കം നടത്തുന്നത്. ഇതിനായി സ്‌പെഷ്യൽ മറീനുകൾ ഉൾപ്പെടെയുള്ള വിദഗ്ധ സൈനിക വിഭാഗങ്ങളെ പശ്ചിമേഷ്യയിൽ വിന്യസിച്ചു കഴിഞ്ഞിട്ടുണ്ട്.

Also read: