ശസ്ത്രക്രിയ വേണമെങ്കിൽ ‘മരിച്ചാലും പരാതിയില്ലെന്ന് എഴുതിത്തരണം’; കോന്നി മെഡിക്കൽ കോളേജിൽ വിവാദ നോട്ടീസ്
കോന്നി: ശസ്ത്രക്രിയ വേണമെങ്കിൽ ‘ആശുപത്രിയിലെ സൗകര്യക്കുറവുകൾ അറിഞ്ഞുകൊണ്ട് മരിച്ചാലും പരാതിയില്ലെന്ന്’ രോഗി സമ്മതപത്രം നൽകണമെന്ന വിചിത്രമായ നോട്ടീസ് കോന്നി മെഡിക്കൽ കോളേജിൽ വിവാദമാകുന്നു. ജനറൽ സർജറി വിഭാഗം ഒപിക്ക് സമീപമാണ് ആശുപത്രിയിലെ പോരായ്മകൾ അക്കമിട്ട് നിരത്തിക്കൊണ്ടുള്ള നോട്ടീസ് പ്രത്യക്ഷപ്പെട്ടത്. സംഭവത്തിന് പിന്നിൽ വകുപ്പ് മേധാവിയാണെന്നാണ് പ്രാഥമിക നിഗമനം.
ആശുപത്രിയിലെ അപര്യാപ്തതകൾ പൂർണ്ണമായും ബോധ്യപ്പെട്ടുവെന്നും, ശസ്ത്രക്രിയയ്ക്കിടെ മരണം സംഭവിച്ചാൽ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്നും രോഗി ഒപ്പിട്ടു നൽകണമെന്നായിരുന്നു നോട്ടീസിലെ ഉള്ളടക്കം. ശസ്ത്രക്രിയയുടെ പൂർണ്ണ ഉത്തരവാദിത്തം ഡോക്ടർക്കാണെന്ന ആരോഗ്യവകുപ്പ് മന്ത്രിയുടെ മുൻപത്തെ പ്രസ്താവനയോടുള്ള പ്രതിഷേധമായാണ് ഇത്തരമൊരു ‘സമ്മതപത്രം’ തയ്യാറാക്കിയതെന്ന് നോട്ടീസിൽ സൂചിപ്പിക്കുന്നു.
സംഭവം വിവാദമായതോടെ ആശുപത്രി അധികൃതർ ഉടൻ ഇടപെട്ട് നോട്ടീസ് നീക്കം ചെയ്തു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ സർജറി വിഭാഗം മേധാവി ഡോ. ശിവപ്രസാദിനോട് വിശദീകരണം തേടിയിട്ടുണ്ട്. മുൻപും അച്ചടക്ക നടപടി നേരിട്ട വ്യക്തിയാണ് ഡോക്ടറെന്നും, സംഭവത്തിന് പിന്നിൽ മറ്റ് ലക്ഷ്യങ്ങളുണ്ടോ എന്ന് അന്വേഷിക്കുമെന്നും മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. നിലവിൽ അവധിയിലുള്ള ഡോക്ടർ, പോകുന്നതിന് മുൻപാണോ നോട്ടീസ് പതിപ്പിച്ചത് എന്ന കാര്യത്തിൽ വ്യക്തത വരാനുണ്ട്.