27/03/2026
[fontresizer_tawhidurrahmandear_widget]

ലഹരി വിൽപനയും ലൈംഗിക ചൂഷണവും; മുൻ സന്തോഷ് ട്രോഫി താരം എംഡിഎംഎയുമായി പിടിയിൽ

 ലഹരി വിൽപനയും ലൈംഗിക ചൂഷണവും; മുൻ സന്തോഷ് ട്രോഫി താരം എംഡിഎംഎയുമായി പിടിയിൽ

തിരുവനന്തപുരം: യുവാക്കളെ ഹോട്ടൽ മുറികളിലെത്തിച്ച് ലഹരി കൈമാറുകയും ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തുവന്ന സംഭവത്തിൽ ട്രാവൻകൂർ ടൈറ്റാനിയം സീനിയർ സൂപ്രണ്ട് നജീബ് ഖാൻ പിടിയിലായി. മുൻ സന്തോഷ് ട്രോഫി താരം കൂടിയായ ഇയാളെ നഗരത്തിലെ ഒരു ഹോട്ടലിൽ നിന്ന് 4 ഗ്രാം എംഡിഎംഎയുമായാണ് എക്സൈസ് സംഘം പിടികൂടിയത്. സ്പോർട്സ് ക്വാട്ടയിൽ ടൈറ്റാനിയത്തിൽ ജോലിയിൽ പ്രവേശിച്ച നജീബ് നിലവിൽ അവിടെ സീനിയർ സൂപ്രണ്ടായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

പ്രത്യേക മൊബൈൽ ആപ്ലിക്കേഷൻ വഴിയാണ് ഇയാൾ യുവാക്കളുമായി ബന്ധപ്പെട്ടിരുന്നത്. ബെംഗളൂരുവിൽ നിന്ന് ഏജന്റ് വഴി ലഹരിമരുന്ന് എത്തിച്ച് ഹോട്ടൽ മുറികളിൽ വെച്ച് വിതരണം ചെയ്യുന്നതായിരുന്നു ഇയാളുടെ രീതി. കഴിഞ്ഞ അഞ്ചു വർഷമായി താൻ ലഹരി ഉപയോഗിക്കാറുണ്ടെന്നും പിന്നീട് സാമ്പത്തിക ലാഭത്തിനായി വിൽപനയിലേക്ക് കടക്കുകയായിരുന്നുവെന്നും ചോദ്യം ചെയ്യലിൽ നജീബ് വെളിപ്പെടുത്തി. ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ മാസശമ്പളമുള്ള ഉദ്യോഗസ്ഥനായിട്ടും കൂടുതൽ പണം സമ്പാദിക്കാനുള്ള മോഹമാണ് ഇയാളെ ലഹരി മാഫിയയുടെ ഭാഗമാക്കിയത്.

വിദ്യാർത്ഥികൾ മുതൽ ഉന്നത ഉദ്യോഗസ്ഥർ വരെ നജീബിന്റെ ഇടപാടുകാരുടെ പട്ടികയിലുണ്ടെന്ന് എക്സൈസ് ഇൻസ്‌പെക്ടർ അരുൺ അശോകൻ അറിയിച്ചു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തിയ കർശന പരിശോധനയിലാണ് പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാൾക്കൊപ്പമുള്ള ലഹരി ശൃംഖലയെക്കുറിച്ചും ലൈംഗിക ചൂഷണത്തിന് ഇരയായവരെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Also read: