31/03/2026
[fontresizer_tawhidurrahmandear_widget]

ഇറാനെ നേരിടാന്‍ ഫ്രാന്‍സും? ഹോര്‍മുസ് കടലിടുക്കിലേക്ക് സൈനിക സന്നാഹങ്ങള്‍ അയക്കുന്നു

 ഇറാനെ നേരിടാന്‍ ഫ്രാന്‍സും? ഹോര്‍മുസ് കടലിടുക്കിലേക്ക് സൈനിക സന്നാഹങ്ങള്‍ അയക്കുന്നു

പാരിസ്: മിഡിൽ ഈസ്റ്റിൽ യുദ്ധം കടുക്കുന്നതിനിടെ ഇറാനെതിരായ പ്രതിരോധം ശക്തമാക്കി ഫ്രാൻസ് രംഗത്തെത്തി. മേഖലയിലെ സമുദ്ര ഗതാഗതം സംരക്ഷിക്കുന്നതിനായി തങ്ങളുടെ സൈനിക സാന്നിധ്യം വൻതോതിൽ വർദ്ധിപ്പിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പ്രഖ്യാപിച്ചു. ഇറാനെതിരായ യുഎസ്-ഇസ്രയേൽ ആക്രമണം വലിയ പ്രാദേശിക യുദ്ധമായി മാറിയ സാഹചര്യത്തിലാണ് ചെങ്കടലിലെയും ഗൾഫ് മേഖലയിലെയും നാവിക ദൗത്യം ശക്തിപ്പെടുത്താൻ യൂറോപ്യൻ യൂണിയൻ തീരുമാനിച്ചത്. ആഗോള ക്രൂഡ് ഓയിൽ നീക്കത്തിന്റെ അഞ്ചിലൊന്ന് നടക്കുന്ന തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ ഗതാഗതം ഫെബ്രുവരി 28-ന് യുദ്ധം ആരംഭിച്ചതോടെ ഏതാണ്ട് പൂർണമായും നിലച്ചിരിക്കുകയാണ്.

മാർച്ച് ആദ്യവാരം യൂറോപ്യൻ യൂണിയൻ അംഗമായ സൈപ്രസിന് നേരെ ഇറാൻ നിർമ്മിത ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണം ഉണ്ടായതാണ് ഫ്രാൻസിനെ പ്രകോപിപ്പിച്ചത്. സൈപ്രസ് സന്ദർശിച്ച മാക്രോൺ, ദ്വീപ് രാഷ്ട്രത്തിന് നേരെ നടന്ന ആക്രമണം മുഴുവൻ യൂറോപ്പിനും നേരെയുള്ള ആക്രമണമാണെന്ന് മുന്നറിയിപ്പ് നൽകി. സൈപ്രസിനെ പ്രതിരോധിക്കുന്നതിനായി ഫ്രാൻസിന്റെ അഭിമാനമായ ‘ചാൾസ് ഡി ഗല്ലെ’ വിമാനവാഹിനിക്കപ്പലും മിസൈൽ പ്രതിരോധ യൂണിറ്റുകളും ഫ്രാൻസ് മെഡിറ്ററേനിയനിൽ വിന്യസിച്ചു കഴിഞ്ഞു. സൈപ്രസ് പോലുള്ള യൂറോപ്യൻ പ്രദേശത്തിന്റെ ഒരിഞ്ച് പോലും അപകടത്തിലാകുന്നത് അംഗീകരിക്കില്ലെന്ന് ഗ്രീക്ക് പ്രധാനമന്ത്രി കിരിയാക്കോസ് മിത്സോട്ടാകിസും വ്യക്തമാക്കി.

തങ്ങളുടെ സൈനിക വിന്യാസം തികച്ചും പ്രതിരോധാത്മകമാണെന്ന് പാരിസ് ആവർത്തിക്കുന്നുണ്ടെങ്കിലും എട്ട് ഫ്രിഗേറ്റുകളും രണ്ട് ഹെലികോപ്റ്റർ കാരിയറുകളും ഉൾപ്പെടുന്ന വൻ സന്നാഹമാണ് മേഖലയിൽ വിന്യസിക്കുന്നത്. ഇറാൻ പിന്തുണയുള്ള ഹൂത്തി വിമതരുടെ ആക്രമണം തടയാൻ 2024-ൽ ആരംഭിച്ച ‘ഓപറേഷൻ ആസ്പൈഡ്സ്’ ദൗത്യത്തിലേക്ക് രണ്ട് ഫ്രിഗേറ്റുകളെ കൂടി ഫ്രാൻസ് ദീർഘകാലാടിസ്ഥാനത്തിൽ നൽകും. മേഖലയിലെ നാവിക സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഫ്രഞ്ച് പ്രസിഡന്റ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ചർച്ചകൾ നടത്തി.

Also read: