ഹജ്ജ് തീർഥാടകർക്ക് വഴികാട്ടിയായി കാൽനൂറ്റാണ്ട്; സേവന നിറവിൽ അബ്ദുസ്സമദ് പൂക്കോട്ടൂർ
മലപ്പുറം: കഴിഞ്ഞ 25 വർഷമായി പതിനായിരക്കണക്കിന് ഹജ്ജ് തീർഥത്ഥാടകർക്ക് മാർഗനിർദേശവും ആത്മീയ വെളിച്ചവും പകരുന്ന പ്രമുഖ ഇസ്ലാമിക പണ്ഡിതൻ അബ്ദുസ്സമദ് പൂക്കോട്ടൂരിനെ പികെഎംഐസി ആദരിച്ചു. പൂക്കോട്ടൂർ ഖിലാഫത്ത് മെമ്മോറിയൽ ഇസ്ലാമിക് സെന്റർ കാമ്പസിൽ നടന്ന 26-ാമത് ഹജ്ജ് പഠനക്യാമ്പിന്റെ വേദിയിലാണ് അദ്ദേഹത്തിന് സ്‌നേഹാദരം സമർപ്പിച്ചത്. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും ഉപഹാരം കൈമാറുകയും ചെയ്തു.
യാതൊരുവിധ ഭൗതിക പ്രതിഫലവും ആഗ്രഹിക്കാതെയാണ് അബ്ദുസ്സമദ് പൂക്കോട്ടൂർ കഴിഞ്ഞ കാൽനൂറ്റാണ്ടായി ഈ ദൗത്യം നിർവഹിക്കുന്നത്. തുടർച്ചയായ രണ്ട് ദിവസത്തെ തീവ്രമായ പഠനക്യാമ്പുകളിലൂടെ തീർഥാടകരെ ഹജ്ജ് കർമങ്ങൾക്ക് പൂർണമായും സജ്ജരാക്കുന്ന അദ്ദേഹത്തിന്റെ ശൈലി ഏറെ ശ്രദ്ധേയമാണ്.
വർഷങ്ങൾക്ക് മുമ്പ് ഖിലാഫത്ത് മെമ്മോറിയൽ കമ്മിറ്റിയുടെ കീഴിൽ ലളിതമായ രീതിയിൽ തുടങ്ങിയ ക്ലാസുകൾ ഇന്ന് കേരളത്തിലെ തന്നെ ഏറ്റവും വലിയ ഹജ്ജ് പഠനക്യാമ്പുകളിൽ ഒന്നായി മാറിയിരിക്കുകയാണ്. ഹജ്ജിന്റെ ശ്രേഷ്ഠത, അനുഷ്ഠാനങ്ങൾ, മക്കയിലെയും മദീനയിലെയും പ്രായോഗികമായ കാര്യങ്ങൾ എന്നിവ അദ്ദേഹം ലളിതമായി വിശദീകരിക്കുന്നു. കഅ്ബയുടെ മാതൃക ഉപയോഗിച്ചുള്ള പ്രായോഗിക പരിശീലനം തീർഥാടകർക്ക് വലിയ ആത്മവിശ്വാസം നൽകുന്നതാണ്.
ഇത്തവണത്തെ ക്യാമ്പിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുമായി എണ്ണായിരത്തിലധികം പേർ രജിസ്റ്റർ ചെയ്തിരുന്നു.
ക്യാമ്പിന്റെ സമാപന സമ്മേളനത്തിൽ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ചടങ്ങിൽ ഉണ്ണീതു ഹാജി, ബഷീർ പാലക്കൽ, ഹുസൈൻ മുസ്ലിയാർ, കെ. മൻസൂർ കുഞ്ഞിപ്പു തുടങ്ങി രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു. കേന്ദ്ര-സംസ്ഥാന ഹജ്ജ് കമ്മിറ്റികൾ മുഖേനയും സ്വകാര്യ ഗ്രൂപ്പുകൾ വഴിയും ഹജ്ജിന് പോകുന്നവർക്കായി വിപുലമായ സൗകര്യങ്ങളാണ് പികെഎംഐസി ക്യാമ്പിൽ ഒരുക്കിയിരുന്നത്.