02/03/2026
[fontresizer_tawhidurrahmandear_widget]

ഇസ്രയേലിലേക്ക് മിസൈലുകൾ അയച്ച് ഹിസ്ബുല്ല; യുദ്ധത്തിലേക്ക് ലബനാനും

 ഇസ്രയേലിലേക്ക് മിസൈലുകൾ അയച്ച് ഹിസ്ബുല്ല; യുദ്ധത്തിലേക്ക് ലബനാനും

ബൈറൂത്ത്: മധ്യപൂർവേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി ഇസ്രയേലിന് നേരെ ഹിസ്ബുല്ലയുടെ ശക്തമായ ആക്രമണം. ഇറാനെതിരായ ഇസ്രയേൽ നീക്കങ്ങൾക്കും അയത്തുള്ള ഖാംനഇയെ ലക്ഷ്യമിട്ടുള്ള നീക്കങ്ങൾക്കും തിരിച്ചടിയായാണ് ലബനാനിൽ നിന്നും ഹിസ്ബുല്ല റോക്കറ്റുകളും ഡ്രോണുകളും തൊടുത്തുവിട്ടത്. രണ്ട് ദിവസം മുമ്പ് ആരംഭിച്ച പുതിയ സംഘർഷത്തിൽ ഇതാദ്യമായാണ് ഹിസ്ബുല്ല നേരിട്ട് ആക്രമണത്തിന് ഇറങ്ങുന്നത്.

വടക്കൻ ഇസ്രയേലിലെ ഹൈഫയ്ക്ക് സമീപമുള്ള സൈനിക താവളം ലക്ഷ്യമാക്കിയായിരുന്നു ഇന്ന് പുലർച്ചെ ആക്രമണം നടന്നത്. ഡ്രോണുകളും റോക്കറ്റുകളും ഉപയോഗിച്ചായിരുന്നു ഹിസ്ബുല്ലയുടെ പ്രത്യാക്രമണം. ലബനാനിലെ ജനങ്ങളെയും യുവാക്കളെയും ലക്ഷ്യമിട്ടുള്ള ഇസ്രയേൽ അധിനിവേശത്തിനും കൊലപാതകങ്ങൾക്കും മറുപടി നൽകാൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് ഹിസ്ബുല്ല പ്രസ്താവനയിലൂടെ വ്യക്തമാക്കി. അധിനിവേശം അവസാനിപ്പിച്ച് ഇസ്രയേൽ പിന്മാറണമെന്നും അവർ ആവശ്യപ്പെട്ടു.

അതേസമയം, ഹിസ്ബുല്ല അയച്ച റോക്കറ്റുകളെ തങ്ങളുടെ പ്രതിരോധ സംവിധാനങ്ങൾ തടഞ്ഞതായി ഇസ്രയേൽ അറിയിച്ചു. ഇതിന് തിരിച്ചടിയായി ഇസ്രയേൽ വ്യോമസേന ലബനാൻ അതിർത്തി കടന്ന് ആക്രമണം ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ. ലബനാനിലെ വിവിധ ഭാഗങ്ങളിൽ ഇസ്രയേൽ ശക്തമായ വ്യോമാക്രമണം നടത്തുന്നുണ്ട്. ഹിസ്ബുല്ലയുടെ കേന്ദ്രങ്ങളെയാണ് തങ്ങൾ ലക്ഷ്യം വെക്കുന്നതെന്നാണ് ഇസ്രയേൽ സൈന്യത്തിന്റെ വിശദീകരണം. ഇരുവിഭാഗവും ആക്രമണം കടുപ്പിച്ചതോടെ മേഖലയിൽ പൂർണ തോതിലുള്ള യുദ്ധസാഹചര്യമാണ് നിലനിൽക്കുന്നത്.

Also read: