ഇറാൻ ആക്രമണത്തിൽ കനത്ത പ്രഹരം? ‘പുറത്തുവന്ന കണക്ക് മാത്രമല്ല; നിരവധി യുഎസ് സൈനികർ കൊല്ലപ്പെട്ടു’- ‘ന്യൂയോർക്ക് ടൈംസി’നോട് ഡൊണാൾഡ് ട്രംപ്
വാഷിങ്ടൺ: ഇറാനുമായുള്ള സൈനിക ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട അമേരിക്കൻ സൈനികരുടെ എണ്ണം നിലവിൽ പുറത്തുവിട്ട കണക്കുകളേക്കാൾ വളരെ കൂടുതലായിരിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ’ന്യൂയോർക്ക് ടൈംസി’ന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ട്രംപ് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. കഴിഞ്ഞ ദിവസം അഞ്ചു സൈനികര് കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത വിവരം അമേരിക്കൻ സെൻട്രൽ കമാ(സെൻ്റ്കോം) സ്ഥിരീകരിച്ചിരുന്നു.
നിലവിൽ മൂന്ന് സൈനികർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക സ്ഥിരീകരണമെങ്കിലും യഥാർത്ഥ കണക്ക് ഇതിലും വളരെ ഉയർന്നതാകാൻ സാധ്യതയുണ്ടെന്ന് ട്രംപ് പറഞ്ഞു. സൈനിക-രഹസ്യാന്വേഷണ വിഭാഗങ്ങളുടെ കണക്കുകൂട്ടൽ പ്രകാരം മരണസംഖ്യ ഇനിയും വർദ്ധിച്ചേക്കാമെന്നും ട്രംപ് സൂചിപ്പിച്ചു.
ഔദ്യോഗികമായി മൂന്ന് മരണങ്ങൾ മാത്രമാണ് പെന്റഗൺ സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാൽ, ഡസൻ കണക്കിന് സൈനികർ കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രചരിക്കുന്നുണ്ട്. ഇറാൻ്റെ മിസൈൽ ആക്രമണത്തിൽ തകർന്ന സൈനിക താവളങ്ങളിൽ നിരവധി പേര് മരിച്ചിട്ടുണ്ടാകുമെന്നാണ് അന്താരാഷ്ട്ര പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നത്.
ഇതിനുപുറമെ, ആക്രമണമുണ്ടായെന്ന് പറയപ്പെടുന്ന വിമാനങ്ങളിലും യുദ്ധക്കപ്പലുകളിലും ഉണ്ടായിരുന്നവർക്കും ആളപായം സംഭവിച്ചിട്ടുണ്ടാകാമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഇവിടങ്ങളിലെല്ലാം വലിയ നാശനഷ്ടങ്ങളും സംഭവിച്ചിട്ടുണ്ടാകും. കുവൈത്തിൽ യുഎസ് വിമാനങ്ങൾ തകർന്നതും ബഹ്റൈനിലെ നാവിക താവളത്തിൽ മിസൈലുകൾ പതിച്ചതും ഇതിനോട് ചേർത്ത് വായിക്കാവുന്നതാണ്.
മരണസംഖ്യ ഉയരാനുള്ള സാധ്യത മുൻകൂട്ടി പറഞ്ഞുകൊണ്ട് വരാനിരിക്കുന്ന വലിയ ആഘാതങ്ങൾക്കായി പൊതുജനങ്ങളെ മാനസികമായി തയ്യാറാക്കുകയാണ് ട്രംപ് ചെയ്യുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. ഇറാൻ്റെ പുതിയ നേതൃത്വവുമായി ചർച്ചകൾക്ക് തയ്യാറാണെന്ന് കഴിഞ്ഞ ദിവസം ട്രംപ് അറിയിച്ചിരുന്നു. പുതിയ നാശനഷ്ടങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കമെന്നാണ് സൂചന. എന്നാൽ, അമേരിക്കയുമായി യാതൊരു ചർച്ചയ്ക്കും തയ്യാറല്ലെന്ന കർക്കശ നിലപാടാണ് ഇറാൻ സുരക്ഷാ കൗൺസിൽ മേധാവി അലി ലാരിജാനി സ്വീകരിച്ചിരിക്കുന്നത്.