‘ഇന്ത്യയുടെ നിശബ്‌ദ നയതന്ത്രം; ചർച്ചകൾ ഫലം കാണുന്നു’, ഇറാനുമായി നടത്തിയ ചർച്ചകളെക്കുറിച്ച് ജയ്ശങ്കർ
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം കടുക്കുന്ന സാഹചര്യത്തിലും രാജ്യത്തിന്റെ ഊർജ്ജ സുരക്ഷ ഉറപ്പാക്കാൻ ഇറാനുമായി നേരിട്ട് ചർച്ചകൾ നടത്തി ഇന്ത്യ. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കാൻ നടത്തുന്ന നയതന്ത്ര ഇടപെടലുകൾ പോസിറ്റീവായ ഫലങ്ങൾ നൽകിത്തുടങ്ങിയെന്ന് വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ വ്യക്തമാക്കി. ഫിനാൻഷ്യൽ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് ഇന്ത്യയുടെ നിശബ്‌ദ നയതന്ത്ര നീക്കങ്ങളെക്കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയത്.
ലോകത്തിലെ ആകെ എണ്ണക്കടത്തിന്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന അതീവ തന്ത്രപ്രധാനമായ ജലപാതയാണ് ഹോർമുസ് കടലിടുക്ക്. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യത്തിൽ ഈ പാതയിലൂടെയുള്ള ഗതാഗതം തടസ്സപ്പെടുന്നത് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളുടെ ഇന്ധന ഇറക്കുമതിയെ സാരമായി ബാധിക്കാൻ സാധ്യതയുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇറാനുമായി ഉന്നതതല ചർച്ചകൾ നടത്താൻ ഇന്ത്യ തീരുമാനിച്ചത്. ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിന് ഇറാനുമായുള്ള സജീവമായ ബന്ധം നിലനിർത്തേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ജയ്ശങ്കർ ചൂണ്ടിക്കാട്ടി.
ഇറാനുമായുള്ള ചർച്ചകൾ ഫലപ്രദമായി മുന്നേറുന്നതിന്റെ തെളിവായി രണ്ട് ഇന്ത്യൻ ഇന്ധനക്കപ്പലുകൾ സുരക്ഷിതമായി ഈ പാതയിലൂടെ യാത്ര തിരിച്ചു. 92,712 മെട്രിക് ടൺ എൽപിജിയുമായി വരുന്ന ശിവാലിക്, നന്ദാ ദേവി എന്നീ കപ്പലുകൾ ഗുജറാത്തിലെ മുന്ദ്ര, കണ്ട്ല തുറമുഖങ്ങളിലേക്കാണ് എത്തുന്നത്. ഇന്ത്യൻ പതാക ഘടിപ്പിച്ച കപ്പലുകളുടെ കാര്യത്തിൽ ഇറാനുമായി നിലവിൽ ഒരു പൊതുവായ കരാറിൽ എത്തിയിട്ടില്ലെങ്കിലും, ഓരോ കപ്പലിന്റെയും നീക്കം പ്രത്യേകം പരിശോധിച്ച് അനുമതി ലഭ്യമാക്കാൻ ഇന്ത്യക്ക് സാധിക്കുന്നുണ്ട്.
പ്രശ്നങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നതിനേക്കാൾ യുക്തിസഹമായി ചിന്തിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നതാണ് ഉചിതമെന്ന് ഇന്ത്യ വിശ്വസിക്കുന്നു. “ഞാൻ ഇപ്പോഴും അവരുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണ്, ചർച്ചകൾ ഫലം കണ്ടുതുടങ്ങിയിട്ടുണ്ട്. ഈ ഇടപെടലുകൾ ഉദ്ദേശിക്കുന്ന ഫലം നൽകുന്നുണ്ടെങ്കിൽ സ്വാഭാവികമായും അത് തുടരും,” എന്ന് ജയ്ശങ്കർ പറഞ്ഞു. ഇന്ത്യയുടെ ഈ സമീപനം മറ്റുള്ളവർക്കും ഇത്തരം ഇടപെടലുകൾ നടത്താൻ സാഹചര്യം ഒരുക്കുമെങ്കിൽ അത് ലോകത്തിന് തന്നെ ഗുണകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇറാനുമായി ആശയവിനിമയ ചാനലുകൾ നിലനിർത്തുന്ന യൂറോപ്യൻ രാജ്യങ്ങളുമായി ഇന്ത്യയുടെ ഈ നയതന്ത്ര മാതൃക പങ്കിടാൻ തയ്യാറാണെന്ന് വിദേശകാര്യമന്ത്രി വ്യക്തമാക്കി. ഓരോ രാജ്യത്തിന്റെയും ഇറാനുമായുള്ള ബന്ധം അവരവരുടെ സാഹചര്യങ്ങൾക്ക് അനുസരിച്ചാണെങ്കിലും, ചർച്ചകളിലൂടെയുള്ള ഇന്ത്യയുടെ പുരോഗതി അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുകയാണ്. യുഎസ്-ഇറാൻ തർക്കത്തിൽ പോലും മധ്യസ്ഥത വഹിക്കാൻ ഇന്ത്യക്ക് സാധിക്കുമെന്ന വിലയിരുത്തലുകൾക്ക് ഈ നയതന്ത്ര വിജയം കൂടുതൽ കരുത്തുപകരുന്നു.