ഇറാനിൽ മൊസാദ് ഏജന്റിനെ തൂക്കിലേറ്റി; ഇസ്രയേൽ ചാരശൃംഖലകൾ ലക്ഷ്യമിട്ട് രാജ്യവ്യാപക റെയ്ഡ്
തെഹ്റാൻ: ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന് വേണ്ടി ചാരപ്പണി നടത്തിയെന്ന് ആരോപിക്കപ്പെട്ട ഇറാൻ യുവാവിനെ തൂക്കിലേറ്റി. പ്രാദേശിക സമയം ഇന്നു പുലർച്ചെയാണു വധശിക്ഷ നടപ്പാക്കിയത്. ഇറാൻ ജുഡീഷ്യറിയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ ‘മിസാൻ’ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇസ്രയേലും അമേരിക്കയും ഇറാനെതിരെ യുദ്ധം ആരംഭിച്ച ശേഷം ഇത്തരമൊരു വധശിക്ഷ നടപ്പാക്കുന്നത് ഇതാദ്യമായാണ്.
കൗറോഷ് കയ്വാനി എന്നയാളുടെ വധശിക്ഷയാണ് നടപ്പാക്കിയത്. ഇയാൾ മൊസാദ് ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നതായും ഇറാനിലെ തന്ത്രപ്രധാനമായ സൈനിക-ഭരണ കേന്ദ്രങ്ങളുടെ ചിത്രങ്ങളും അതീവ രഹസ്യവിവരങ്ങളും കൈമാറിയതായും കോടതി കണ്ടെത്തി. വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ വെച്ച് കയ്വാനിക്ക് മൊസാദ് പ്രത്യേക പരിശീലനം നൽകിയിരുന്നതായും ഇതിനായി വൻതോതിൽ പണം കൈപ്പറ്റിയിരുന്നതായും ജുഡീഷ്യറി ചൂണ്ടിക്കാട്ടി.
യുദ്ധം നാലാം വാരത്തിലേക്ക് കടക്കുമ്പോൾ രാജ്യത്തിനുള്ളിലെ ശത്രുശൃംഖലകൾ തകർക്കാൻ ഇറാൻ ഇന്റലിജൻസ് നീക്കം ശക്തമാക്കിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിലായി ഡസൻ കണക്കിന് ആളുകളെയാണ് ഇസ്രയേൽ അനുകൂലികളാണെന്നാരോപിച്ച് ഇറാൻ അറസ്റ്റ് ചെയ്തത്. ഇസ്രയേലുമായി നേരിട്ട് ബന്ധമുള്ള 12 അംഗ ചാരസംഘത്തെ പിടികൂടിയതായി ഇറാൻ റെവല്യൂഷണറി ഗാർഡ് കോർപ്‌സ് അറിയിച്ചു. ഇറാന്റെ വിവിധ പ്രവിശ്യകളിൽ സ്‌ഫോടനങ്ങൾക്കും ഭീകരാക്രമണങ്ങൾക്കും പദ്ധതിയിട്ടിരുന്നവരാണ് ഇവരെന്നാണ് ആരോപണം.
വിദേശ ഏജൻസികൾക്ക് വിവരം കൈമാറുന്ന ഇൻഫോർമർമാരെ കണ്ടെത്താൻ രാജ്യവ്യാപകമായി നടത്തിയ തിരച്ചിലിൽ നിരവധി പേർ പിടിയിലായിട്ടുണ്ട്. യുദ്ധമുഖത്തെ സൈനിക നീക്കങ്ങളും പ്രതിരോധ സംവിധാനങ്ങളും ചോർത്താനാണ് ഇവർ ശ്രമിക്കുന്നതെന്ന് ഇറാൻ ഇന്റലിജൻസ് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ ഉന്നത നേതാവായ അലി ലാരിജാനി കൊല്ലപ്പെട്ടതിന് പിന്നാലെ ഇറാൻ പ്രത്യാക്രമണം ശക്തമാക്കിയിരിക്കുകയാണ്. തെൽ അവീവിലെ റെയിൽവേ സ്റ്റേഷനുകൾ ലക്ഷ്യം വെച്ച് ഇറാൻ നടത്തിയ മിസൈൽ ആക്രമണങ്ങളിൽ വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിനിടെ നടന്ന വധശിക്ഷയും അറസ്റ്റ് നടപടികളും ഇസ്രയേലിനും അമേരിക്കയ്ക്കും നൽകുന്ന ശക്തമായ മുന്നറിയിപ്പായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.