ഹോർമുസ് കടലിടുക്ക് വഴി രണ്ട് ഇന്ത്യൻ ടാങ്കറുകൾക്ക് കടന്നുപോകാൻ അനുവദി നൽകി ഇറാൻ
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം പുകയുന്നതിനിടെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ ഇന്ത്യൻ ടാങ്കറുകൾക്ക് സുരക്ഷിത പാതയൊരുക്കി ഇറാൻ. വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഘ്ചിയുമായി നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് ഇന്ത്യൻ പതാക വഹിച്ച ടാങ്കറുകൾക്ക് യാത്രാ അനുമതി ലഭിച്ചത്.
ക്രൂഡ് ഓയിൽ, പ്രകൃതിവാതകം എന്നിവയുടെ ഗതാഗതത്തിന് ആഗോളതലത്തിൽ തന്നെ പ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ ‘പുഷ്പക്’, ‘പരിമൽ’ എന്നീ ഇന്ത്യൻ ടാങ്കറുകൾ സുരക്ഷിതമായി കടന്നുപോയതായാണ് റിപ്പോർട്ടുകൾ. നിലവിൽ അമേരിക്ക, യൂറോപ്പ്, ഇസ്രയേൽ എന്നിവിടങ്ങളിൽ നിന്നുള്ള കപ്പലുകൾക്ക് ഇറാൻ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം കണക്കിലെടുത്ത് ഇന്ത്യൻ കപ്പലുകളെ കടന്നുപോകാൻ അനുവദിക്കുകയായിരുന്നു.
ചൊവ്വാഴ്ച വൈകുന്നേരമാണ് ജയ്ശങ്കർ ഇറാൻ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചത്. ഇതിന് പിന്നാലെ ഇന്നലെ റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്, ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ-നോയൽ ബാരറ്റ്, യൂറോപ്യൻ യൂണിയൻ ഉദ്യോഗസ്ഥ കജ കല്ലാസ് എന്നിവരുമായും അദ്ദേഹം ആശയവിനിമയം നടത്തി. പശ്ചിമേഷ്യൻ സംഘർഷം ലഘൂകരിക്കുന്നതിനെക്കുറിച്ചും വാണിജ്യ കപ്പലുകളുടെ സുരക്ഷയെക്കുറിച്ചും ഇന്ത്യ നിരന്തരമായ ഇടപെടലുകൾ നടത്തിവരികയാണ്.
അതേസമയം, മേഖലയിൽ ആശങ്ക വർദ്ധിപ്പിച്ചുകൊണ്ട് തായ്‌ലൻഡ് പതാകയുള്ള ‘മയൂരീ നരീ’ എന്ന ചരക്ക് കപ്പലിന് നേരെ ആക്രമണമുണ്ടായി. യുഎഇയിലെ ഖലീഫ തുറമുഖത്ത് നിന്ന് പുറപ്പെട്ട കപ്പൽ ഹോർമുസ് കടലിടുക്കിന് സമീപമാണ് ആക്രമിക്കപ്പെട്ടത്. കപ്പലിലുണ്ടായിരുന്ന 20 നാവികരെ ഒമാനി നാവികസേന രക്ഷപ്പെടുത്തി. ബാക്കിയുള്ള മൂന്ന് ജീവനക്കാർക്കായി തിരച്ചിൽ തുടരുകയാണ്.
വാണിജ്യ കപ്പലുകൾക്ക് നേരെ വർദ്ധിച്ചുവരുന്ന ആക്രമണങ്ങളിൽ ഇന്ത്യ ശക്തമായ ഖേദം പ്രകടിപ്പിച്ചു. സിവിലിയൻ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും നാവിഗേഷൻ സ്വാതന്ത്ര്യം തടസ്സപ്പെടുത്തരുതെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.