30/03/2026
[fontresizer_tawhidurrahmandear_widget]

‘പ്രതിരോധം തകരില്ല, ഇറാന്റേത് നേതാക്കളില്ലാതെ പ്രവർത്തിക്കുന്ന മൊസൈക് ഡിഫൻസ് സിസ്റ്റം’ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി

 ‘പ്രതിരോധം തകരില്ല, ഇറാന്റേത് നേതാക്കളില്ലാതെ പ്രവർത്തിക്കുന്ന മൊസൈക് ഡിഫൻസ് സിസ്റ്റം’ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി

അബ്ബാസ് അരാഗ്ചി

തെഹ്റാൻ : നേതാക്കൾ കൊല്ലപ്പെട്ടാലും ഇറാന്റെ പ്രതിരോധ സംവിധാനങ്ങൾ തകരില്ലെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി. ഇറാൻ സുരക്ഷ കൗൺസിൽ മേധാവി അലി ലാരിജാനി ഉൾപ്പെടെയുള്ള ഉന്നത നേതാക്കൾ കൊല്ലപ്പെട്ടത് രാജ്യത്തിന്റ ഭരണസംവിധാനത്തെയോ സുരക്ഷാ നയങ്ങളെയോ ബാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അന്താരാഷ്ട്ര മാധ്യമമായ അൽ ജസീറക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

‘ഇറാന്റെ ഭരണക്രമം ഏതെങ്കിലും വ്യക്തികളെ കേന്ദ്രീകരിച്ചല്ല, മറിച്ച് വ്യവസ്ഥാപിതമായ രീതികളിലാണ്. പരമോന്നത നേതാവ് അലി ഖാംനഇ കൊല്ലപ്പെട്ടതിനു ശേഷവും ഭരണസംവിധാനങ്ങളുടെ പ്രവർത്തനം തുടർന്നു. നേതാക്കൾക്ക് നേരെയുള്ള ആക്രമണം രാജ്യത്തിന്റെ പ്രതിരോധത്തെ ബാധിക്കുകയില്ല’ – അരാഗ്ചി കൂട്ടിച്ചേർത്തു. വർഷങ്ങളോളം രാജ്യത്തെ സേവിച്ച അലി ലാരിജാനിയുടെ വിയോഗം നികത്താനാകാത്തതാണെങ്കിലും ഇത്തരം ആക്രമണങ്ങൾ രാജ്യത്തിന്റെ നട്ടെല്ലൊടിക്കുമെന്നാണ് ശത്രുക്കൾ കരുതുന്നതെങ്കിൽ അവർക്ക് തെറ്റുപറ്റിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസമാണ് ഇസ്രയേൽ പ്രതിരോധ മന്ത്രാലയം ബാസിജ് സേനാ തലവൻ ഗുലാംറേസ സുലൈമാനി, അലി ലാരിജാനി എന്നിവരെ വധിച്ച വിവരം പുറത്തുവിട്ടത്. ചൊവ്വാഴ്ച രാത്രി നടന്ന വ്യോമാക്രണത്തിലാണ് ഇരുവരും കൊല്ലപ്പെട്ടതെന്ന് ഐആർജിസി അറിയിച്ചു. ഈ കൊലപാതകങ്ങൾക്ക് തിരിച്ചടിയായി ഇസ്രയേലിലെ തെൽഅവീവ് ഉൾപ്പെടെയുള്ള നഗരങ്ങളിലേക്ക് ഇറാൻ ശക്തമായ മിസൈൽ ആക്രമണം നടത്തി. വരും ദിവസങ്ങളിൽ തിരിച്ചടി കൂടുതൽ ശക്തമാക്കി ഇതിന് മറുപടി നൽകുമെന്ന് ഇറാൻ സൈനിക മേധാവി ജനറൽ അമീർ ഹതാമി മുന്നറിയിപ്പ് നൽകി.

Also read: