03/06/2026
[fontresizer_tawhidurrahmandear_widget]

അലി ലാരിജാനിയുടെ പിൻഗാമിയായി കൂടുതൽ കരുത്തൻ; മുഹമ്മദ് ബാഖിർ ദുൽഖദർ ഇറാന്റെ പുതിയ ദേശീയ സുരക്ഷാ കൗൺസിൽ തലവൻ

 അലി ലാരിജാനിയുടെ പിൻഗാമിയായി കൂടുതൽ കരുത്തൻ; മുഹമ്മദ് ബാഖിർ ദുൽഖദർ ഇറാന്റെ പുതിയ ദേശീയ സുരക്ഷാ കൗൺസിൽ തലവൻ

തെഹ്‌റാൻ: ഇറാന്റെ ഏറ്റവും ഉയർന്ന സുരക്ഷാ സമിതിയായ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലിനു പുതിയ സെക്രട്ടറി. മുൻ സൈനിക കമാൻഡറും നയതന്ത്രജ്ഞനുമായ മുഹമ്മദ് ബാഖിർ ദുൽഖദർ ആണ് പുതിയ സുരക്ഷാ കൗൺസിൽ മേധാവി. ഏറെക്കാലമായി ഈ പദവി അലങ്കരിച്ചിരുന്ന നയതന്ത്രജ്ഞൻ അലി ലാരിജാനിയുടെ വിയോഗത്തെ തുടർന്നുള്ള ഒഴിവിലേക്കാണ് ദുൽഖദറിന്റെ നിയമനം. ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖാംനഇയാണു പുതിയ നിയമനത്തിന് അംഗീകാരം നൽകിയത്.

ആരാണ് മുഹമ്മദ് ബാഖിർ ദുൽഖദർ?
ഇറാന്റെ സൈനിക-രാഷ്ട്രീയ രംഗങ്ങളിൽ ദശകങ്ങളുടെ പരിചയസമ്പത്തുള്ള വ്യക്തിയാണ് ദുൽഖദർ. ഇതിനുമുമ്പ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ (ഐആർജിസി) ഡെപ്യൂട്ടി കമാൻഡറായും ആഭ്യന്തര മന്ത്രാലയത്തിൽ സുരക്ഷാ വിഭാഗം ഉപദേഷ്ടാവായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇറാന്റെ പ്രതിരോധ തന്ത്രങ്ങൾ രൂപീകരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുള്ള ദുൽഖദർ, കടുത്ത നിലപാടുകാരനായാണ് അറിയപ്പെടുന്നത്.

യുദ്ധകാലത്തെ പുതിയ ദൗത്യം
ഇസ്രയേലുമായും അമേരിക്കയുമായുമുള്ള ഏറ്റുമുട്ടൽ കടുക്കുന്ന സാഹചര്യത്തിലാണ് ദുൽഖദറിന്റെ നിയമനം എന്നത് ഏറെ ശ്രദ്ധേയമാണ്. നതാൻസിലെയും ഡിമോണയിലെയും ആക്രമണങ്ങൾക്ക് പിന്നാലെ പശ്ചിമേഷ്യ കടുത്ത സംഘർഷത്തിലൂടെ കടന്നുപോകുമ്പോൾ, രാജ്യത്തിന്റെ സുരക്ഷാ നയങ്ങൾക്കും പ്രത്യാക്രമണ പദ്ധതികൾക്കും ഇനി ദുൽഖദർ നേതൃത്വം നൽകും.

ഹോർമുസിലെ നിയന്ത്രണത്തെ തുടർന്ന് അന്താരാഷ്ട്ര തലത്തിലുള്ള നിലനിൽക്കുന്ന ഊർജ-ഇന്ധന പ്രതിസന്ധിയിൽ പുതിയ അദ്ദേഹത്തിന്റെ നിലപാടും ഇടപെടലും നിർണായകമാകും.

ലാരിജാനിയുടെ വിയോഗം
ഇറാന്റെ ആണവ ചർച്ചകളിലും അന്താരാഷ്ട്ര നയതന്ത്രങ്ങളിലും മിതവാദപരമായ നിലപാടുകൾ സ്വീകരിച്ചിരുന്ന വ്യക്തിയായിരുന്നു അലി ലാരിജാനി. ദിവസങ്ങൾക്കു മുൻപാണ് ഇസ്രയേൽ ആക്രമണത്തിൽ ലാരിജാനി കൊല്ലപ്പെടുന്നത്. ഇതിനു പിന്നാലെയാണ് കൂടുതൽ ശക്തമായ സൈനിക പശ്ചാത്തലമുള്ള ഒരാളെ സുരക്ഷാ സമിതിയുടെ തലപ്പത്ത് കൊണ്ടുവരാൻ ഇറാൻ തീരുമാനിക്കുന്നത്.

യുദ്ധം നിർത്താനായി അമേരിക്ക ഇറാനുമായി ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ച പശ്ചാത്തലത്തിൽ മുഹമ്മദ് ബാഖിർ ദുൽഖദറിന്റെ നിലപാട് നിർണായകമാകും. ഇറാനുമായി ചർച്ച നടത്തുന്നുവെന്ന് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. അഞ്ചു ദിവസത്തേക്ക് ആക്രമണം താൽക്കാലികമായി നിർത്തിവയ്ക്കാൻ വേണ്ടിയായിരുന്നു ട്രംപ് ഇത്തരത്തിലൊരു അവകാശവാദം നടത്തിയത്. എന്നാൽ, അത്തരത്തിലൊരു ചർച്ചയും നടന്നിട്ടില്ലെന്ന് ഇതിനു പിന്നാലെ ഇറാൻ വ്യക്തമാക്കി. ട്രംപിന്റെ തന്ത്രപരമായ കള്ളമാണിതെന്നും കൂടുതൽ സൈനിക നീക്കങ്ങൾക്കു വേണ്ടിയുള്ള നീക്കമാണെന്നും ഇറാൻ ആരോപിച്ചിരുന്നു.

നേരത്തെ, ഒമാന്റെ മധ്യസ്ഥതയിൽ ആണവ ചർച്ചകൾ നിർണായക ഘട്ടത്തിൽ എത്തിനിൽക്കുമ്പോഴായിരുന്നു അപ്രതീക്ഷിതമായി അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനെ ആക്രമിക്കുന്നത്. ഇതിനുശേഷം അമേരിക്കയുമായി ഇനി ചർച്ചയിൽ തങ്ങൾ വിശ്വസിക്കുന്നില്ലെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. പുതിയ സുരക്ഷാ കൗൺസിൽ തലവൻരെ നേതൃത്വത്തിൽ ഇറാന്റെ ഭാവിനിലപാടുകൾ എന്താകുമെന്നാണു ലോകം ഉറ്റുനോക്കുന്നത്.

ഫലസ്തീൻ, ലബനൻ വിഷയങ്ങളിൽ ഇറാന്റെ ഇടപെടലുകൾ കൂടുതൽ ശക്തമാക്കാനും ഇസ്രയേലിന്റെ നീക്കങ്ങളെ പ്രതിരോധിക്കാനുമുള്ള പുതിയ കർമപദ്ധതികൾ ദുൽഖദറിന്റെ നേതൃത്വത്തിൽ ഉടൻ പുറത്തുവന്നേക്കും.

Also read: