28/03/2026
[fontresizer_tawhidurrahmandear_widget]

ലോകത്തെ ഞെട്ടിച്ച് ഇറാൻ; അമേരിക്കയുടെ അത്യാധുനിക എഫ്-35 യുദ്ധവിമാനം ആക്രമിച്ചു, ചരിത്രത്തിലാദ്യം

 ലോകത്തെ ഞെട്ടിച്ച് ഇറാൻ; അമേരിക്കയുടെ അത്യാധുനിക എഫ്-35 യുദ്ധവിമാനം ആക്രമിച്ചു, ചരിത്രത്തിലാദ്യം

തെഹ്‌റാൻ: പശ്ചിമേഷ്യൻ യുദ്ധമുഖത്ത് അമേരിക്കയ്ക്ക് കനത്ത പ്രഹരം നൽകി ഇറാന്റെ സൈനിക നീക്കം. ലോകത്തിലെ ഏറ്റവും അത്യാധുനികമായ അമേരിക്കൻ സ്റ്റെൽത്ത് യുദ്ധവിമാനം എഫ്-35 ലൈറ്റ്‌നിംഗ് 2 വെടിവെച്ചിട്ടതായി ഇറാൻ അവകാശപ്പെട്ടു. ആക്രമണത്തിൽ സാരമായ നാശനഷ്ടം സംഭവിച്ച വിമാനം അടിയന്തരമായി ലാൻഡ് ചെയ്തതായും പൈലറ്റ് സുരക്ഷിതനാണെന്നും അമേരിക്കൻ പ്രതിരോധ കേന്ദ്രങ്ങളും സ്ഥിരീകരിച്ചു.

വ്യാഴാഴ്ച പുലർച്ചെ 2.50-ഓടെ മധ്യ ഇറാനിൽ വെച്ചാണ് വിമാനത്തിന് നേരെ ആക്രമണമുണ്ടായത്. ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് ആണ് വിമാനം തകർക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടത്. എഫ്-35 വിമാനം തകർന്നതായും അടിയന്തരമായി ലാൻഡ് ചെയ്യേണ്ടി വന്നതായും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. പൈലറ്റ് പരിക്കുകളില്ലാതെ രക്ഷപ്പെട്ടതായി ക്യാപ്റ്റൻ ടിം ഹോക്കിൻസ് സിഎൻഎന്നിനോട് വ്യക്തമാക്കി.

സംഭവത്തെക്കുറിച്ച് യുഎസ് ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. എഫ്-35 വിമാനത്തിന് പുറമെ അമേരിക്കയുടെയും ഇസ്രയേലിന്റെയും 125-ഓളം ഡ്രോണുകളെ വിജയകരമായി പ്രതിരോധിച്ചതായും ഇറാൻ അവകാശപ്പെട്ടു. ഇറാന്റെ പക്കലുള്ള അത്യാധുനിക മിസൈൽ പ്രതിരോധ സംവിധാനമാണ് എഫ്-35-നെ ലക്ഷ്യം വെക്കാൻ ഉപയോഗിച്ചതെന്നാണ് റിപ്പോർട്ടുകൾ.

ശത്രുവിന്റെ റഡാറുകളിൽ പെടാതെ പറക്കാൻ കഴിയുന്ന ‘സ്റ്റെൽത്ത്’ സാങ്കേതികവിദ്യയാണ് എഫ്-35-ന്റെ കരുത്ത്. ചരിത്രത്തിലാദ്യമായാണ് ഒരു ശത്രുരാജ്യത്തിന്റെ ആക്രമണത്തിൽ ഈ വിമാനം തകരുന്നത്. ഇതോടെ അമേരിക്കയുടെ വ്യോമ മേധാവിത്വത്തിന് വലിയ വെല്ലുവിളിയാണ് ഉയർന്നിരിക്കുന്നത്.

നെതന്യാഹു ഇറാന്റെ മിസൈൽ ശേഷി തകർത്തുവെന്ന് അവകാശപ്പെട്ട് മണിക്കൂറുകൾക്കുള്ളിലാണ് ഇത്തരമൊരു സംഭവം നടക്കുന്നത്. തകർന്ന വിമാനത്തിന്റെ അവശിഷ്ടങ്ങൾ ഇറാൻ ശേഖരിച്ചിട്ടുണ്ടെങ്കിൽ അമേരിക്കയുടെ അതീവ രഹസ്യമായ സ്റ്റെൽത്ത് സാങ്കേതികവിദ്യ ശത്രുക്കൾക്ക് ചോരാൻ സാധ്യതയുണ്ടെന്നത് അമേരിക്കയെ വല്ലാതെ ആശങ്കപ്പെടുത്തുന്നു.

Also read: